
ഇടുക്കി: യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ഇടതുപക്ഷ സർക്കാരിന്റെ ഭൂപതിവ് നിയമ-ചട്ട ഭേദഗതികൾ അസാധുവാക്കി ചട്ടം മാത്രം ഭേദഗതി ചെയ്തു കെട്ടിട നിർമ്മാണ നിരോധനം പിൻവലിക്കുകയും നിയമാനുസരണം നടത്തിയിട്ടുള്ള നിർമ്മാണങ്ങളെ നിരുപാധികം ക്രമവൽക്കരണത്തിൽ നിന്നും ഒഴിവാക്കുമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കിയിലെ ജനങ്ങൾക്ക് ഉറപ്പു നൽകി. യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് വളയൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയോര ജനതയെ പീഡിപ്പിച്ച ചരിത്രം മാത്രമാണ് ഇടതുപക്ഷ ഗവൺമെന്റുകൾക്കുള്ളത്. അച്യുതാനന്ദന്റെ കാലത്തെ കിരാത നടപടികളുടെ തുടർച്ചതന്നെയാണ് പിണറായി സർക്കാരും കഴിഞ്ഞ 9 വർഷമായി നടത്തിക്കൊണ്ടിരിക്കുന്നത്. 1964 ചട്ടം അനുസരിച്ചുള്ള പട്ടയങ്ങൾ സംസ്ഥാനത്തുടനീളം നിലനിൽക്കുമ്പോൾ നിർമ്മാണ നിരോധനം ഇടുക്കിയിൽ മാത്രം ഏർപ്പെടുത്തിയതിന്റെ ന്യായമെന്തെന്ന് സർക്കാർ വ്യക്തമാക്കണം. 2023ൽ ഭൂപതിവ് നിയമഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ സർക്കാർ നൽകിയ ഉറപ്പിന്റെ ലംഘനമാണ് ചട്ട ഭേദഗതിയിലെ വ്യവസ്ഥകൾ. ഒരിക്കൽ സർക്കാരിന്റെ നിയമങ്ങൾ അനുസരിച്ച് നടത്തിയിരിക്കുന്ന നിർമ്മാണങ്ങൾ വർഷങ്ങൾ കഴിയുമ്പോൾ നിയമവിരുദ്ധമാണെന്ന് സർക്കാർ തന്നെ പറഞ്ഞാൽ സർക്കാർ നിയമങ്ങളെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും.
ജനങ്ങളെ കൊള്ളയടിച്ച് ഖജനാവ് നിറയ്ക്കുന്നതിനുള്ള മാർഗമായി ചട്ട ഭേദഗതിയെ മാറ്റിയത് ഖേദകരമാണ്. സി.എച്ച്.ആർ ഭൂമി വനഭൂമിയാണെന്ന സർക്കാർ നിലപാട് തിരുത്തണം. മലയോര ജനത കയ്യേറ്റക്കാരാണെന്ന നിലപാട് മാറ്റി കുടിയേറ്റക്കാരായി അംഗീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ് ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രൊഫ. എം.ജെ ജേക്കബ്, റോയി കെ. പൗലോസ്, അഡ്വ. ഇ.എം. അഗസ്തി എക്സ് എം.എൽ.എ, എ.കെ മണി എക്സ് എം.എൽ.എ, അഡ്വ. എസ്. അശോകൻ, അഡ്വ. ജോയി തോമസ്, കെ.എ സിയാദ്, സുരേഷ് ബാബു, എ.പി ഉസ്മാൻ, പി.സി ജയൻ, കെ.എ കുര്യൻ, അഡ്വ. തോമസ് പെരുമന, എം.കെ പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.
