ഇടുക്കി: ഡെങ്കിപ്പനി പരിശോധനയ്ക്കായി ഒന്നര വയസ്സുകാരൻ്റെ രക്തം ശേഖരിച്ച് എട്ട് ദിവസം കഴിഞ്ഞിട്ടും ഫലം നൽകിയില്ല. ആൻ്റിജൻ കിറ്റ് ഇല്ലാത്തതിനാൽ പരിശോധന നടത്താൻ കഴിഞ്ഞില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം. പൈനാവ് സ്വദേശി സുമിത് – അഞ്ജു ദമ്പതികളുടെ ഒന്നര വയസ്സുള്ള മകനെ കടുത്ത പനിയെ തുടർന്നാണ് ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനി സംശയിച്ചതിനെ തുടർന്ന് പരിശോധനയ്ക്കായി രക്തം നൽകി. ഡിസംബർ ഒമ്പതിനാണ് രക്തം നൽകിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഫലം ലഭിക്കാതായതോടെ 16ആം തീയതി മാതാപിതാക്കൾ ലാബിലെത്തി അന്വേഷിച്ചു. തുടർന്ന് ജീവനക്കാർ നൽകിയ മറുപടി ടെസ്റ്റ് ചെയ്യുന്ന കിറ്റ് തീർന്നുപോയതിനാൽ പരിശോധന നടത്താൻ കഴിഞ്ഞില്ലെന്നാണ്. ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെ കുടുംബം പരാതി നൽകി. ലാബിൽ ആവശ്യത്തിന് സാമഗ്രികൾ ഇല്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയുന്നത് ഇവരുടെ പരാതി ലഭിച്ചപ്പോഴാണ്.
