ഇടുക്കി: ജില്ലയിൽ മണ്ണ് – മണൽ -ഭൂമാഫിയ, പ്രവർത്തങ്ങളോട് ചില നേതാക്കൾ ഒട്ടിച്ചേർന്ന് പ്രവർത്തിക്കുന്നു എന്ന ഇപ്പോഴത്തെ ശിവരാമന്റെ ആരോപണം ദുഷ്ടലാക്കോടെ ഉള്ളതാണെന്ന് എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. ഇന്നലെ ഡിസംബർ 18ന് കൂടിയ ജില്ല എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുന്നത് വരെ ഇത് സംബന്ധമായ ഒരു പരാതിയും പാർട്ടി ഘടകത്തിന് മുന്നിൽ അദ്ദേഹം ഉന്നയിച്ചിട്ടില്ല. മാഫിയ പ്രവർത്തനങ്ങളെ ഇന്നും എപ്പോഴും എതിർത്തിട്ടുള്ള പാരമ്പര്യമാണ് സിപിഐ പാർട്ടിക്ക് ഉള്ളത്. നാളെയും ഇത്തരക്കാരെ ഉൾക്കൊള്ളുന്ന പ്രസ്ഥാനമായിരിക്കില്ല സിപിഐ.
ദീർഘകാല അനുഭവമുള്ള കെ കെ ശിവരാമനെ പോലെയുള്ള ആളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള ഇത്തരം ജല്പനങ്ങൾ സംഘടന വിരുദ്ധവും പാർട്ടി താല്പര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. സംസ്ഥാന വ്യാപകമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ എൽഡിഎഫിന് ഉണ്ടായിട്ടുള്ള തിരിച്ചടി ഇടുക്കി ജില്ലയിലും പ്രതിഫലിച്ചിട്ടുണ്ട്. ഇതിന് ഇടയായ വസ്തുതാപരമായ കാര്യങ്ങൾ എൽഡിഎഫും സിപിഐയും പരിശോധിക്കുകയും പരിഹാരം കാണുന്നതിന് ജനങ്ങളോടൊപ്പം നിലകൊള്ളുകയും ചെയ്യും.
പാർട്ടിയും എൽഡിഎഫും ദുർബലപ്പെട്ടു എന്ന കെ കെ ശിവരാമൻ്റെ പ്രതികരണത്തിൽ യാതൊരു കഴമ്പും ഇല്ല എന്ന് എക്‌സിക്യൂട്ടീവ് അറിയിച്ചു. വി കെ ധനപാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ അഷറഫ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി ജെ ആഞ്ചലോസ്, ജില്ലാ സെക്രട്ടറി കെ സലിംകുമാർ, വി ആർ ശശി, എം കെ പ്രിയൻ, ജോസ് ഫിലിപ്പ്,സി യു ജോയ്, ജയാ മധു, ഇ എസ് ബിജിമോൾ, ടി ഗണേശൻ, എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
