മൂന്നാർ: ഡിസംബർ എത്തിയതോടെ മൂന്നാർ തണുത്തുവിറക്കുകയാണ്.മൂന്നാറിൽ ദിവസവും അന്തരീക്ഷ താപനില താഴേക്ക് പോകുന്ന സ്ഥിതിയുണ്ട്.മൂന്നാർ സെവൻമല സെക്ഷനിൽ അന്തരീക്ഷ താപനില മൈനസ് 1 ഡിഗ്രി രേഖപ്പെടുത്തി.ചെണ്ടുവര, സൈലന്റ് വാലി, നല്ലതണ്ണി തുടങ്ങി വിവിധയിടങ്ങളിൽ അന്തരീക്ഷ താപനില പൂജ്യവും രേഖപ്പെടുത്തി.
ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ രാത്രിയിലും പുലർച്ചെയുമായി മൂന്നാറിലെ വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.അന്തരീക്ഷ താപനില താഴ്ന്നതോടെ പുൽമേടുകളിലും വാഹനങ്ങളുടെ ചില്ലുകളിലും മഞ്ഞുറഞ്ഞിരുന്ന കാഴ്ച്ച മൂന്നാറിൽ പലയിടത്തും ഉണ്ടായി.ഈ മാസം പകുതി മുതൽ മൂന്നാറിൽ അതിശൈത്യം ആരംഭിച്ചിരുന്നു. തണുപ്പ് വർധിച്ചതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ വരവ് വർദ്ധിക്കും എന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാര മേഖല. രാത്രിയിലെ അതിശൈത്യത്തിനൊപ്പം പകൽ സമയത്തും തണുപ്പനുഭവപ്പെടുന്ന സാഹചര്യം മൂന്നാറിലുണ്ട്.
ക്രിസ്തുമസ് പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളുടെ തിരക്കും വർദ്ധിച്ചിട്ടുണ്ട്. ഇത് വിനോദസഞ്ചാര മേഖലയ്ക്കും വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ആളുകൾക്കും വലിയ പ്രതീക്ഷ നൽകുന്നുണ്ട്.വരും ദിവസങ്ങളിൽ മൂന്നാറിൽ അന്തരീക്ഷ താപനില ഇനിയും താഴുമെന്നാണ് പ്രതീക്ഷ.
