VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സാന്താക്ലോസ്; ഉണ്ണികൾക്കായി ഉണ്ണിക്കഥ: അച്ചാമ്മ പൈനാൽ എഴുതുന്നു

ഡിസംബറിലെ രാവുകളിൽ പൊഴിയുന്ന ഓരോ മഞ്ഞുതുള്ളിയിൽ നിന്നും ഓരോ കഥകൾ പിറവി കൊള്ളുന്നു. ഉണ്ണിയേശുവിന്റെ പിറവിയുടെ ഓർമ്മകൾ പുതുക്കുന്ന ക്രിസ്മസ് രാവുകൾ പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ദിനങ്ങളാണ്. ചരിത്രം രണ്ടായി വഴിമാറുന്ന ദിനം. ലോകമെമ്പാടും ആഘോഷമാക്കുന്ന ഉണ്ണിയേശുവിന്റെ പിറവിദിനം കുട്ടികൾക്കാണ് ഏറ്റവും ആഹ്ലാദം ഉണ്ടാക്കുന്നത്.

ഒരു വലിയ വനപ്രദേശത്തിന് അടുത്തായി ചെറിയ ഗ്രാമം ഉണ്ടായിരുന്നു. കുട്ടികളുടെ കളിചിരികളും പക്ഷികളുടെ കളകളാരവവും എല്ലാം ഉള്ള സുന്ദര ഗ്രാമം. അവിടെ അനാഥരായ കുട്ടികളെ താമസിപ്പിച്ച് പല തൊഴിലുളും പഠിപ്പിച്ചു പ്രാപ്തരാക്കുന്ന ഒരു ആശ്രമം ഉണ്ടായിരുന്നു. ആ സ്നേഹത്തിൻ്റെ തണലിൽ താമസിച്ചു പഠിച്ചിരുന്ന ഒരു ബാലൻ; നിക്കോളാസ്!… മാതാപിതാക്കളെ അവൻ കണ്ടതായി ഓർക്കുന്നില്ല. അച്ഛൻ നല്ലൊരു മരപ്പണിക്കാരൻ ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, അതുകൊണ്ടായിരിക്കും അവന് തടിയിൽ നിന്നും കുട്ടികൾക്കായി കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതിന് കഴിവ് കിട്ടിയത്. തടിയിൽ നിന്നും കുതിരകളെയും പക്ഷികളെയും പാവക്കുട്ടികളെയും ഒക്കെ നിർമ്മിച്ച് വെച്ചിരിക്കുമ്പോൾ അവയ്ക്ക് ജീവനുള്ള പോലെ തോന്നിക്കും. കണ്ടറിയാത്ത അമ്മയുടെ രൂപത്തിൽ തടിയിൽ ഉണ്ടാക്കിയ രൂപം ഈയിടെ അമ്മ നഷ്ടപ്പെട്ട ലിയോണിക്ക് നൽകണമെന്ന് അവൻ തീരുമാനിച്ചു. കുതിര കുട്ടിയെ സുഖമില്ലാത്ത കിടക്കുന്ന ടോമിനും കൊടുക്കാം നേരം ഇരുട്ടി പദവിയിലും കൊടുക്കാം.

നേരം ഇരുട്ടി, പതിവിലും കൂടുതലായി മഞ്ഞു വീണു തുടങ്ങി. വീടുകളൊക്കെ അടച്ച ആളുകൾ നേരിപ്പോടിനരികെ സ്ഥാനം പിടിച്ചു. പണിതീർത്ത കളിപ്പാട്ടങ്ങൾ സഞ്ചിയിൽ ആക്കി അടഞ്ഞുകിടക്കുന്ന വാതിലുകൾക്ക് മുന്നിലും ജനാലപ്പടികളിലും വെച്ചു. രാവിലെ കുട്ടികളുടെ കളിചിരികൾ നിക്കോളാസ് കേട്ടു. എല്ലാദിവസവും തടി കഷണങ്ങളിൽ നിന്ന് കളിപ്പാട്ടങ്ങൾ തീർക്കുകയും കുട്ടികളുടെ ജനാലപ്പടിയിൽ അവ വയ്ക്കുകയും ചെയ്തു. ആകാശത്തു നിന്നിറങ്ങിവരുന്ന കുഞ്ഞു മാലാഖമാരുടെ സമ്മാനമാണ് ഇതെന്ന് കുട്ടികൾ കരുതി. ഒരിക്കൽ ജനാലയിൽ കുട്ടി നിക്കോളാസ് ഒരു കാഴ്ച കണ്ടു. അകലെ വനത്തിനുള്ളിൽ നിന്നും ഒരു പ്രകാശം, അത് അവനെ മാടിവിളിക്കും പോലെ!… രാത്രിയിൽ ആരും കാണാതെ അവൻ കാട്ടിനുള്ളിലേക്ക് പോയി, എന്തെല്ലാമോ ഒളിപ്പിച്ചു വെച്ചിരിക്കുന്ന മരക്കൂട്ടങ്ങളുടെ അകത്തേക്ക് അവൻ നടന്നു. ദൂരത്തായി കാണുന്ന പ്രകാശ ബിന്ദുവിനെ ലക്ഷ്യം വെച്ചുള്ള നടപ്പ്.. അവിടെ റെയിൻഡിയറുകൾ മേഞ്ഞു നടക്കുന്നു. അവയുടെ എല്ലാം കൊമ്പുകൾ വെള്ളിയിൽ തീർത്ത പോലെ തിളങ്ങുന്നു. അവന് ഭയമായി, അവൻ്റെ ആശ്രമത്തിലെ മുറിയിൽ നിന്നും ഇത്രയും ദൂരം, അതും എല്ലാവരും പേടിയോടെ കാണുന്ന ഈ പ്രദേശത്ത് വന്നത് അബദ്ധമായോ എന്നിങ്ങനെ ചിന്തിച്ചു നിൽക്കുമ്പോൾ അതിലൊരു മാൻ അവന്റെ അടുക്കലേക്ക് വന്ന് തൊട്ടുരുമ്മി നിന്നു. അവൻ അതിനെ തലോടി തലയിൽ ഉമ്മവെച്ചു. ഉടനെ അതാ ആ റെയിൻഡിയറുകളെല്ലാം വന്ന് അവനെ ഉരുമ്മാൻ തുടങ്ങി. മാനുകളും നിക്കോളാസും വേഗം തന്നെ കൂട്ടുകാരായി, അവിടെ വീണു കിടന്ന ഒരു തടിക്കഷണത്തിനരികിലേക്ക് അവർ അവനെ കൊണ്ടുപോയി. പോക്കറ്റിൽ കിടന്ന ഉളിയെടുത്ത് അവർ അതിന്മേൽ ചെത്തി നോക്കി. ആ തടിയ്ക്ക് ഒരു സുഗന്ധം ഉണ്ടെന്ന് തോന്നി. ഇതിൽ നിന്നും എന്തെങ്കിലും ഉണ്ടാക്കണം. സമയം പോയി… ആ ഗ്രാമത്തിൽ എല്ലാവരും അന്വേഷിക്കും… അവൻ്റെ ആത്മഗതം കുറച്ചൊക്കെ ആയിപ്പോയി. റെയിൻഡിയറുകളിൽ ഒരാൾ പതുക്കെ ഇരുന്നു കൊടുത്തു. മറ്റു മാനുകൾ അവനെ അതിൻ്റെ പുറത്തിരുത്തി… എനിക്ക് പേടിയാകുന്നു എന്നു പറഞ്ഞു അവൻ മാനിന്റെ കഴുത്തിലെ രോമത്തിൽ പിടിച്ചു. മാൻ നിലത്തു നിന്ന് പൊങ്ങി നിക്കോളാസിന്റെ ഗ്രാമത്തിന്റെ മുകളിൽ കൂടി പറന്നു. താഴെ തന്റെ ഗ്രാമം മഞ്ഞിൽ മൂടി ശാന്തമായി കിടക്കുന്നത് അവൻ കണ്ടു. അത് എന്റെ ഗ്രാമം എന്റെ പ്രിയപ്പെട്ട കുട്ടികൾ ഞാൻ ഒരിക്കലും ഒറ്റയ്ക്കല്ല, സ്നേഹത്തിൻ്റെ ഒരു ചൂട് തണുത്ത അന്തരീക്ഷത്തിലും അവന് അനുഭവമായി.

ആശ്രമത്തിലെ അവന്റെ മുറിയിൽ കയറി എല്ലാം മറന്ന് അവൻ ഉറങ്ങി. രാവിലെ എഴുന്നേറ്റ് ജോലികളൊക്കെ തീർത്ത് കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്ന തിരക്കിലായി. എല്ലാം അടുക്കി സഞ്ചിയിൽ ആക്കുമ്പോൾ അവയ്ക്കൊക്കെ സ്നേഹ ചുംബനം നൽകാൻ മറന്നില്ല. കയ്യിലുള്ള ഉളിയും ചുറ്റികയും പെൻസിലും ഒക്കെ അവൻ ഒരു ചെറിയ സഞ്ചിയിൽ ആക്കി ഉറങ്ങാൻ കിടന്നു. ഗ്രാമം മുഴുവൻ ഉറക്കമായപ്പോൾ അവൻ്റെ മുറിയുടെ ജനൽ പാളി തുറക്കപ്പെട്ടു. നിക്കോളാസ് മാനിൻ്റെ പുറത്ത് കയറി അത് വേഗത്തിൽ കളിപ്പാട്ടങ്ങൾ ഓരോന്നും വീടുകളുടെ ജനൽ പാളികളിൽ വച്ചു. തലേന്ന് കണ്ട തടിക്കഷണത്തിന് അടുത്ത് അവരവനെ എത്തിച്ചു. നിക്കോളാസിന്റെ മനസ്സിൽ കുട്ടികളോടുള്ള സ്നേഹത്തിൽ പൊതിഞ്ഞ കളിപ്പാട്ടങ്ങളുടെ ഒരു കൂമ്പാരം ഉണ്ടായിരുന്നു.

കടലാസും പെൻസിലും എടുത്ത് തന്റെ ഭാവനയിലെ വാഹനത്തിനും റെയിൻഡിയറുകളുടെ ആകാശ സഞ്ചാരവും എല്ലാത്തിനും രൂപം കൊടുത്തു. അത് കണ്ട മാനുകൾക്ക് സന്തോഷമായി. അവരാ മരത്തടിയുടെയും പുറംതോട് കടിച്ചുപറിച്ച് ദൂരെ കളഞ്ഞു. നിക്കോളാസ് ചെറിയൊരു വാഹനം അതിൽ നിന്നും ഉണ്ടാക്കി. ഇത് വലിക്കാൻ നിങ്ങൾക്ക് പറ്റുമോ നിക്കോളാസ് ചോദിച്ചതും അവരത് നിഷ്പ്രയാസം എടുത്തു പൊക്കി. ഇന്നത്തെ പണി കഴിഞ്ഞു ഉറങ്ങാൻ സമയമായില്ല. ഡിസംബറ്‍ ഇങ്ങെത്തി, ഉറക്കമൊഴിഞ്ഞ് വിശ്രമമില്ലാതെ പണിയെടുത്ത നിക്കോളാസിന്റെ താടിയും മുടിയും നീണ്ടു. സ്വതവേ ചെമ്പൻ മുടിയായിരുന്നത് വെളുത്തു തുടങ്ങി. ആ മുറി നിറയെ കുട്ടികളുടെ കളിപ്പാട്ടങ്ങൾ ആയി. അവയുടെ കണ്ണുകളിൽ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും തിളക്കം ഉണ്ട്.

വളരെ നാളുകൾക്ക് ശേഷം നിക്കോളാസ് ഒരു രാത്രിയിൽ വനത്തിലേക്ക് തന്റെ പ്രിയപ്പെട്ട റെയിൻഡീയറുകളുടെ അടുക്കലേക്ക് പോയി. നിക്കോളയെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൻ തുടങ്ങിവച്ച വാഹനം പണിപൂർത്തിയാക്കിയിരിക്കുന്നു. മാനുകൾ അവയുടെ രോമം കൊണ്ട് വണ്ടി വലിക്കാനുള്ള കയറും ഉണ്ടാക്കി. സന്തോഷത്തോടെ അവൻ മടങ്ങി. ഇക്കുറി ഗ്രാമത്തിലേക്ക് നടന്നു പോകാൻ തീരുമാനിച്ചു. പണിഭാരവും ഉറക്കമിളപ്പും മൂലം ക്ഷീണിതനായിരുന്ന നിക്കോളാസ് തൻ്റെ ആശ്രമത്തിൽ എത്തുന്നതിനു മുന്നേ മഞ്ഞിൽ വീണുപോയി. നിക്കോളയുടെ കോട്ടിന് തണുപ്പിനെ തടയാൻ കഴിഞ്ഞില്ല. രാവിലെ കളിപ്പാട്ടങ്ങൾ തേടി പുറത്തിറങ്ങിയ കുട്ടികൾ കണ്ടത് വെളുത്ത മുടിയും താടിയും ഉള്ള ഒരു അപ്പൂപ്പൻ വഴിയിൽ വീണു കിടക്കുന്നതാണ്. പ്രായംചെന്നൊരാൾ തന്റെ ചുമന്ന കോട്ട് ഊരി നിക്കോളയെ പുതപ്പിച്ചു. ഏത് തണുപ്പിലും ചൂട് നൽകുന്ന ഒരു കോട്ട് ആയിരുന്നു അത്. അതിൻ്റെ കൈയുറയും കാലുറയും തൊപ്പിയും അവരവനെ ധരിപ്പിച്ചു. സൂര്യനുദിച്ചു വന്നപ്പോഴേക്കും ചെറിയൊരു ചൂട് അന്തരീക്ഷത്തിൽ ഉണ്ടായി. മഞ്ഞുവീഴ്ചയ്ക്കും കുറവുണ്ടായി, നിക്കോളാസ് കുട്ടികളുടെ ബഹളം കേട്ട് ഉണർന്നു. അപ്പൂപ്പൻ അപ്പൂപ്പൻ എന്ന് ഒച്ചവെച്ച് കുട്ടികൾ സന്തോഷം കൊണ്ടു… നിക്കോളാസും അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു! തന്റെ കോട്ടും തൊപ്പിയും ആളുകളുടെ ബഹുമാനത്തോടെയുള്ള നോട്ടവും കുട്ടികളുടെ സ്നേഹവും നിക്കോളയെ പുതിയ ഒരാളാക്കി. തന്റെ സ്നേഹവും അധ്വാനവും പുതിയൊരു ലോകത്തേക്കുള്ള വാതിൽ തുറക്കുന്നത് അദ്ദേഹം അറിഞ്ഞു. സ്നേഹത്തിൻ്റെ ദൂതനാണ് ഇത്. കുട്ടികളുടെ സാന്താക്ലോസ്. വലിയവർ പറയുന്നത് കേട്ട് കുട്ടികൾ സാന്താപ്പൂപ്പൻ എന്ന് ആർത്തു വിളിച്ചു.

പിറ്റേ രാത്രിയിൽ നിക്കോളാസും റെയിൻഡിയറുകളുമെല്ലാം കളിപ്പാട്ടങ്ങളെല്ലാം വാഹനത്തിൽ കയറ്റി മാനുകളുടെ രോമം കൊണ്ട് ഉണ്ടാക്കിയ കയർ കൊണ്ട് ബന്ധിച്ച മാനുകൾ സാന്താക്ലോസിനെയും കൊണ്ട് ഗ്രാമങ്ങളിലെ മലമുകളിലും താഴ്വാരങ്ങളിലും പട്ടണങ്ങളിലും എന്നുവേണ്ട എല്ലാ വീടുകളിലേയ്ക്കും സമ്മാനപൊതികൾ എത്തിച്ചു. അന്നുമുതൽ കുട്ടികൾ അന്യോരം സമ്മാനങ്ങൾ കൈമാറി, അമ്മമാർ മധുര പലഹാരങ്ങളും വലിയവർ പല പല സമ്മാനങ്ങളും നൽകി, സ്നേഹത്തിന്റെയും ആഹ്ലാദത്തിന്റെയും പങ്കുവെക്കലിന്റെയും ദിവസങ്ങൾ ആക്കി ഡിസംബർ… മഞ്ഞുവീഴുന്ന രാത്രികളിൽ ആകാശത്തേക്ക് നോക്കി സാന്താക്ലോസിന്റെ സമ്മാന വണ്ടെ പോകുന്നത് കുട്ടികൾ നോക്കിയിരുന്നു. രാവിലെ തങ്ങളുടെ കിടയ്ക്കകരികെ നിന്നും സമ്മാന പൊതികൾ കണ്ടെടുക്കുമ്പോൾ തൊടുപുഴയുടെ ആകാശമേലാപ്പിലും അപ്പൂപ്പൻ താടി പോലെ മേഘ കൂട്ടങ്ങൾ പാറി നടക്കുന്നുണ്ട്.

ഈ വർഷത്തെ ഡിസംബറിന് കൂടുതൽ തണുപ്പുണ്ട്. മാതാപിതാക്കളുടെ ചൂടു പറ്റി ഉറങ്ങാൻ കിടക്കുന്ന കുഞ്ഞു മനസ്സുകളിലേക്ക് ഇത്തരം നല്ല കഥകൾ പകർന്നു കൊടുക്കാം. എല്ലാവരും ഉറങ്ങാൻ തയ്യാറെടുക്കുന്ന സന്ധ്യാസമയത്ത് എഴുതാനിരിക്കുന്ന എൻ്റെ ജനാലയരികിലേക്കും ഡിയറുകളുടെ കൊമ്പിന്റെ തിളക്കം എത്തുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *