VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

‘റീബോൺ’ ക്രിസ്മസ് ട്രീ: ക്രിസ്മസിനെ വരവേൽക്കാൻ വേറിട്ട ആശയവുമായി ശുചിത്വമിഷൻ

ഇടുക്കി: പുനരുത്ഥാനത്തിന്റെ പ്രത്യാശയുടെ സന്ദേശവുമായി ഇടുക്കി ജില്ലാ ശുചിത്വ മിഷൻ ‘റീബോൺ’ എന്ന പേരിൽ പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ട് തയ്യാറാക്കിയ ക്രിസ്മസ് ട്രീ ശ്രദ്ധാകേന്ദ്രമാകുന്നു. മാലിന്യത്തിൽ നിന്നും കലാസൃഷ്ടി (വേസ്റ്റ് റ്റു ആർട്ട്) എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഇത്തരത്തിൽ ക്രിസ്മസിനോട് അനുബന്ധിച്ച് ഇടുക്കി സെന്റ് ജോർജ്ജ് ചർച്ച് കുരിശുപള്ളിക്ക് സമീപം ജില്ലാ ശുചിത്വമിഷൻ കാര്യാലയത്തിന് മുൻപിലായി കുപ്പി മരം ഒരുക്കിയത്.

നാലുമീറ്റർ ഉയരത്തിൽ അതിമനോഹരമായ ട്രീ കണ്ടാൽ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമ്മിച്ചതാണെന്ന് ഒറ്റനോട്ടത്തിൽ കാഴ്ചക്കാർക്ക് മനസ്സിലാകില്ല. അലക്ഷ്യമായി വലിച്ചെയറിയപ്പെട്ടതും ഹരിത കർമ്മ സേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ചതുമായ പച്ചനിറത്തിലുള്ള സ്പ്രൈറ്റ്, സെവൻ അപ്,തംപ്സ് അപ് കുപ്പികൾ ആണ് കുപ്പി മര നിർമ്മാണത്തിനായി കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് . അഞ്ചു ലിറ്ററിന്റെയും, ഒരു ലിറ്ററിന്റെയും കുടിവെള്ള കുപ്പികളും ഉപയോഗിച്ചിട്ടുണ്ട്. വെള്ളത്തൂവൽ ഇരട്ടയാർ പഞ്ചായത്തുകളിലെ എം സി എഫുകളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിച്ചു സംഭരിച്ചിരുന്ന പ്ലാസ്റ്റിക് കുപ്പികൾ ജില്ലാ ശുചിത്വ മിഷൻ ഏറ്റെടുത്തിട്ടാണ് കുപ്പിമരം നിർമ്മിച്ചത്. ആറായിരത്തിൽ അധികം പ്ലാസ്റ്റിക്ക് കുപ്പികൾ ഇലയുടെ ആകൃതിയിൽ മുറിച്ചെടുത്താണ് കുപ്പി മരത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചത്. ട്രീയുടെ ഫ്രെയിം നിർമ്മാണത്തിനായി സമീപ പ്രദേശങ്ങളിലെ ആക്രി കടകളിൽ നിന്നും പഴയ ഇരുമ്പു കമ്പികളും മറ്റും ശേഖരിച്ചു അവ ഉപയോഗിച്ചു. പ്ലാസ്റ്റിക്ക് കുപ്പികളുടെ ചുവടു ഭാഗം മുറിച്ചെടുത്ത് അവ ഉപയോഗിച്ചു നിർമ്മിച്ച സാന്ത ക്ളോസിന്റെ വടിയാണ് കുപ്പിമരത്തിന്റെ മറ്റൊരു ആകർഷണം. കുപ്പി മരത്തിനുളളിൽ തറയിൽ നിറയെ ഉണങ്ങിയ പുല്ല് വിരിച്ചിട്ടുണ്ട്.

ഉൾഭാഗത്തു തയ്യാറാക്കിയിരിക്കുന്ന പുൽക്കൂടിനു സമീപം നിന്ന് ആളുകൾക്ക് ഫോട്ടോ എടുക്കാനുള്ള സ്ഥല സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുപ്പിയുടെ അടപ്പുകൾ, ചുവട് എന്നിവ കൊണ്ട് തയ്യാറാക്കി നിറം പകർന്ന അലങ്കാരബോളുകളും കുപ്പിമരത്തിനു പകിട്ട് ഏകുന്നു. ജില്ലാശുചിത്വമിഷൻ ഉദ്യോഗസ്ഥർ, റിസോഴ്സ് പേഴ്സൺമാർ , യങ് പ്രൊഫെഷനലുകൾ, എന്നിവർ ചേർന്ന് ആർട്ടിസ്റ്റായ ശ്രീജയകൃഷ്ണന്റെ സഹായത്തോടെ ആറുദിവസത്തെ പരിശ്രമത്തിലൂടെയാണ് കുപ്പിമരം പൂർത്തീകരിച്ചത്. കുപ്പിമരത്തിന്റെ പ്രവേശന കവാടം പച്ചനിറത്തിലുള്ള പഴയ ഓസിന്റെ കഷ്ണം റിബ്ബൺ ചുറ്റി ആകർഷകമാക്കിയിരിക്കുന്നു.

കവാടത്തിനിരുവശവും സ്ഥാപിച്ചിരിക്കുന്ന സാൻ്റാക്ലോസിന്റെ വടികൾക്കു ചുവട്ടിലായി അഞ്ചു ലിറ്റർ വാട്ടർ ബോട്ടിലുകൾ കൊണ്ട് തയാറാക്കിയ സമ്മാന പൊതികളും വച്ച് അലങ്കരിച്ചിട്ടുണ്ട്. നക്ഷത്രം നിർമ്മിച്ചിരിക്കുന്നത് ഈറ്റ, തയ്യൽക്കാരിൽ നിന്നും ശേഖരിച്ച തുണിക്കഷ്ണങ്ങൾ, കുപ്പിയുടെ ചുവടു ഭാഗം എന്നിവ ഉപയോഗിച്ചാണ്. പുൽക്കൂടിനുളിലെ ക്രിബ് സെറ്റും നിറം മങ്ങി കാലപ്പഴക്കം കൊണ്ട് ഉപേക്ഷിച്ചവയെ പുനരുപയോഗിച്ചതാണ്. ക്രിസ്തുമസ് പുതുവത്സര ആശംസകളിലുമുണ്ട് പുതുമ . മുൻപ് ജില്ലാശുചിത്വമിഷൻ ചെറുതോണിയിൽ നടന്ന സർക്കാരിന്റെ നാലാം വാർഷിക എക്സിബിഷന് വേണ്ടി ഉപയോഗിച്ച തഴപ്പായിൽ തയ്യാറാക്കിയ ബോർഡിൽ കുപ്പിയുടെ അടപ്പുകൾ ഉപയോഗിച്ചാണ് ആശംസകൾ തയ്യാറാക്കിയിരിക്കുന്നത്.

ഇത്തരത്തിൽ മുഴുവനായും പുനരുപയോഗത്തിന്റെ നേർസാക്ഷ്യമാകുന്നു. മാലിന്യമെന്നു മുദ്രകുത്തിയ കുപ്പികൾക്കും പാഴ്വസ്തുക്കൾക്കും പുതുജീവൻ നൽകി വേറിട്ട പുനരുത്ഥാന സന്ദേശം പങ്കുവയ്ക്കുകയാണ് ഇടുക്കി ജില്ലാ ശുചിത്വ മിഷൻ .ഇടുക്കി സെന്റ് ജോർജ്ജ് പള്ളി വികാരി ഫാദർ സിജോ മേക്കുന്നേൽ ”റീബോൺ” ക്രിസ്മസ് ട്രീ പൊതുജനങ്ങൾക്ക് സമർപ്പിച്ചു. വാർഡ് മെമ്പർ ശ്രീലാൽ എസ്, ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ, സമീപവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *