തൊടുപുഴ: ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കുന്നതിൽ തൊടുപുഴ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന് ഇത് സേവനങ്ങളുടെ റെക്കോർഡ് വർഷം. 2025-ൽ ഇതുവരെ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തത് 511 കോളുകളാണ്. കഴിഞ്ഞ വർഷം ലഭിച്ച 467 കോളുകളെ അപേക്ഷിച്ച് സേവന പ്രവർത്തനങ്ങളിൽ വലിയ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
ഇൻസിഡൻ്റ് കോളുകളിൽ വൻ വർധന
മുൻവർഷങ്ങളിൽ തീപിടുത്തങ്ങളുമായി ബന്ധപ്പെട്ട ‘ഫയർ കോളുകൾ’ ആയിരുന്നു കൂടുതലെങ്കിൽ, ഈ വർഷം പൊതുജനങ്ങളെ സഹായിക്കുന്ന ‘ഇൻസിഡൻ്റ് കോളുക’ളുടെ എണ്ണമാണ് കുത്തനെ ഉയർന്നത്.
റോഡ് അപകടങ്ങൾ, ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണുള്ള ഗതാഗത തടസ്സങ്ങൾ എന്നിവയിൽ സേനയുടെ ഇടപെടൽ നിർണ്ണായകമായി. സങ്കീർണ്ണമായ പല രക്ഷാപ്രവർത്തനങ്ങൾക്കും ഈ വർഷം സാക്ഷ്യം വഹിച്ചു. മരത്തിൽ കയറി ഇറങ്ങാൻ കഴിയാതെ കുടുങ്ങിയവരെ സുരക്ഷിതമായി താഴെയിറക്കി. വീടിനുള്ളിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയ കുട്ടികളെ രക്ഷപ്പെടുത്തി.
റോഡിൽ ഓയിൽ ഒഴുകി പരന്നതിനെ തുടർന്നുണ്ടായ അപകടസാധ്യതകൾ നീക്കം ചെയ്തു.
കാനകളിലും ഓടകളിലും വീണുപോയ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ വീണ്ടെടുത്തു നൽകി. കിണറ്റിൽ വീണ വളർത്തുമൃഗങ്ങളെ സുരക്ഷിതമായി പുറത്തെടുത്തു. ഈ കണക്കുകളിൽ പെടാത്ത , കൈവിരലുകളിൽ മോതിരങ്ങൾ കുടുങ്ങിയ നിരവധി കോളുകളും ഉണ്ടായി.
അതിസാഹസികമായി പാറക്കെട്ടിലെ രക്ഷാപ്രവർത്തനം
ഈ വർഷം സേനയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയായത് പാറക്കെട്ടുകളിൽ ഉണ്ടായ അപകടങ്ങളാണ്. കോട്ടപ്പാറ, വാഗമൺ റൂട്ടിലെ ചാത്തൻപാറ എന്നിവിടങ്ങളിൽ പാറക്കെട്ടുകളിൽ നിന്ന് താഴേക്ക് പതിച്ച മൂന്ന് വലിയ അപകടങ്ങളിൽ അതിസാഹസികമായ രക്ഷാപ്രവർത്തനമാണ് അഗ്നിരക്ഷാ സേന നടത്തിയത്.
ഏകോപനവുമായി നേതൃത്വം
ഇടുക്കി ജില്ലാ ഫയർ ഓഫീസർ ശ്രീ. കെ.ആർ. ഷിനോയ് നേരിട്ടാണ് ഈ വർഷത്തെ പ്രധാന രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്തത്. നിലവിൽ സ്റ്റേഷൻ ഓഫീസർ ടി.എച്ച്. സാദിഖിന്റെ നേതൃത്വത്തിലാണ് സ്റ്റേഷൻ്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. 2025 കാലയളവിൽ വിവിധ ഘട്ടങ്ങളിലായി ശ്രീനു സെബാസ്റ്റ്യൻ, വി.കെ. വിനോയ്, കെ.എ. ജാഫർഖാൻ, ബിജു പി. തോമസ് എന്നിവർ സ്റ്റേഷൻ്റെ ചുമതലകൾ വഹിച്ചു.
ഇടുക്കിയുടെ കരുത്തായി സ്കൂബ ടീം
ജില്ലയിലെ ഏക അഗ്നിരക്ഷാ സ്കൂബ(SCUBA) ടീം തൊടുപുഴ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ജലാശയങ്ങളിലെ അപകടങ്ങളിൽ ജീവൻ പണയപ്പെടുത്തി നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. മുങ്ങിമരണങ്ങൾ നടന്ന സ്ഥലങ്ങളിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനും, ജലാശയങ്ങളിൽ വീണ മോതിരം, മൊബൈൽ ഫോൺ എന്നിവ കണ്ടെത്തുന്നതിനും സ്കൂബ ടീം മുന്നിലുണ്ടായിരുന്നു. കൂടാതെ കുടിവെള്ള പമ്പുകളിൽ തടസ്സമായി നിന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും സേനയുടെ സേവനം ലഭ്യമായി.
പൊതുജനങ്ങൾക്ക് സ്വയം പരിഹരിക്കാൻ കഴിയാത്ത ഏത് അടിയന്തര സാഹചര്യത്തിലും ഫയർ ഫോഴ്സിന്റെ സേവനം ഉറപ്പാക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. വർധിച്ചുവരുന്ന വാഹന അപകടങ്ങളും പ്രകൃതിക്ഷോഭങ്ങളും കണക്കിലെടുത്ത് പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സ്റ്റേഷൻ അധികൃതർ നിർദ്ദേശിച്ചു.
