VBC NEWS THODUPUZHA

അശ്വമേധം 7.0: കുഷ്ഠരോഗ നിർണയ ഭവന സന്ദർശനം 7 മുതൽ 20 വരെ

ഇടുക്കി: കുഷ്ഠരോഗ നിവാരണം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അശ്വമേധം 7.0 ക്യാമ്പയിന്റെ ഏഴാം ഘട്ടം ജനുവരി ഏഴിന് ജില്ലയിൽ ആരംഭിക്കും. അന്നേദിവസം കളക്ടറുടെ വസതിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട് നിർവഹിക്കും.

സമൂഹത്തിൽ മറഞ്ഞു കിടക്കുന്ന കുഷ്ഠരോഗത്തെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളിൽ പുതിയതായി രോഗം കണ്ടെത്തുന്നത് മുതിർന്നവരിൽ കുഷ്ഠരോഗം മറഞ്ഞിരിക്കുന്നുവെന്നതിന്റെ സൂചനയാണ്. ജില്ലയിൽ നിലവിൽ കുഷ്ഠരോഗബാധിതരുടെ എണ്ണം 8 ആണ്. കുട്ടികളിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നാല് അതിഥിതൊഴിലാളികളും 4 തദ്ദേശീയമായിട്ടുള്ള കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഒരു സ്ത്രീയും ഏഴുപുരുഷന്മാരും ഉൾപ്പെടുന്നു.

ജനുവരി 7 മുതൽ 20 വരെ രണ്ടാഴ്ചക്കാലമാണ് ഭവന സന്ദർശനം നടത്തുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മറ്റു വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. അശ്വമേധം ക്യാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആശാപ്രവർത്തകയും ഒരു പുരുഷ വോളണ്ടിയറും അടങ്ങുന്ന സംഘം വീടുകളിൽ എത്തി കുഷ്ഠരോഗ ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കും.ആറു മുതൽ 12 മാസം വരെയുള്ള വിവിധ ഔഷധ ചികിത്സയിലൂടെ രോഗം പൂർണമായും ചികിത്സിച്ച ഭേദമാക്കാം. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ പൂർണമായും സൗജന്യമാണ്. ആരംഭത്തിലെ ചികിത്സിച്ചാൽ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങൾ തടയുന്നതിനും രോഗ പകർച്ച ഒഴിവാക്കുന്നതിനും സാധിക്കുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *