വയനാട്: ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ കെപി ശങ്കരദാസിന്റെ ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞത് നൂറുശതമാനം ശരിയാണ്. കോടാനുകോടി ഭക്തജനങ്ങളെ വിഷമിപ്പിച്ചസംഭവമാണിത്. ഓരോ ദിവസവും കൂടുതുൽ കൂടുതൽ സ്വർണ്ണം പോയതിന്റെ വിവരങ്ങൾ പുറത്തുവരുന്നു. ഇക്കാര്യത്തിൽ കേരളം ഭരിക്കുന്ന സർക്കാരിനും മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമില്ലേ.
ജയിലിൽ കിടുന്നവരെല്ലാം സിപിഎം നേതാക്കളല്ലേ. പത്തു വർഷം കേരളം ഭരിച്ചു, മൂന്ന് തവണ ദേവസ്വം ബോർഡ് പ്രസിഡന്റുമാരെ വെച്ചു. അവരാണ് ഇന്ന് ജയിലിൽ കിടക്കുന്നത്. അപ്പോൾ പാർട്ടിക്കും ഗവൺമെന്റിനും ഈ കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ട്. അപ്പൊ ആ ഉത്തരവാദിത്തം ഒന്നും നിറവേറ്റാതെ മറ്റുള്ളവരെ ആക്ഷേപിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പാർട്ടിയും സ്വീകരിക്കുന്നത്. ഇതൊക്കെ ജനങ്ങൾ തിരിച്ചറിയും.
ശബരിമലയിൽ സ്വർണ്ണം കൊള്ളയടിക്കപ്പെട്ടതിനെക്കുറിച്ച് ഇനിയും അന്വേഷണം വേണം.
അടിച്ചുകൊണ്ടുപോയ സ്വർണ്ണം എവിടെ? തൊണ്ടിമുതൽ എവിടെ? ഒരു വിദേശ വ്യവസായി എന്നോട് പറഞ്ഞ കാര്യങ്ങൾ ഞാൻ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പറഞ്ഞു. അതിന്റെ അന്വേഷണം എവിടം വരെയായി.അന്വേഷണം ത്വരിതപ്പെടുത്തണം.. വൻ സ്രാവുകൾ രക്ഷപ്പെടാൻ സമ്മതിച്ചുകൂടാ. കുറ്റം ചെയ്തവരെ രക്ഷിക്കാൻ വേണ്ടിയിട്ടുള്ള കവചം തീർക്കുകയാണ് സർക്കാരിപ്പോൾ.
ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പ്രത്യേക അന്വേഷണ സംഘത്തിലേക്ക് രണ്ടുപേരെ കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സിപിമ്മിന്റെ പൊലീസ് അസോസിയേഷനിലെരണ്ടു ഭാരവാഹികളെ കൊടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ എസ്‌ഐടിയുടെ അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.അങ്ങിനെയൊന്നും സത്യം മൂടി വയ്കാൻ കഴിയില്ല.
കേരളത്തിൽ ജനങ്ങളുടെ ഹൃദയത്തെ മുറിവേൽപ്പിച്ച സംഭവമാണ് ശബരിമല സ്വർണ്ണപ്പാളി വിവാദം. കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി യുഡിഎഫ്, കോൺഗ്രസ് മുന്നോട്ട് പോകും. ശശി തരൂരുമായി കേരളത്തിലെ കോൺഗ്രസിന് യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹം ഇവിടെ രണ്ടുദിവസമായി മുഴുവൻ സമയമുണ്ടല്ലോ. അദ്ദേഹം കോൺഗ്രസിന്റെ എംപിയാണ്. അദ്ദേഹം എല്ലാകാര്യത്തിലും സഹകരിച്ചുമുന്നോട്ടുപോവുകയാണ്.
ഏത് അന്വേഷണം വന്നാലും നേരിടും , എന്റെ പേരിൽ തന്നെ കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതാണ്. ഒരു സിബിഐയും എന്നെ തിരക്കി വന്നില്ല. ഒരു ഇഡിയും വന്നില്ല. ഒരു വിജിലൻസും വന്നില്ല. അപ്പൊ ഇതൊക്കെ ഇലക്ഷൻ ആകുമ്പോൾ ധാരാളം ഓലപ്പാമ്പുകൾ കാണിച്ച് പേടിപ്പിക്കാൻ നോക്കും. പുനർജ്ജനിയുടെ അന്വേഷണമൊക്കെ അത്തരത്തിലുള്ളതാണ്. കഴിഞ്ഞ അഞ്ചുവർഷം അന്വേഷിച്ചിട്ടു ഒന്നും കിട്ടിയില്ലല്ലോ.
കോൺഗ്രസ് വയനാട്ടിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ മുഴുവൻ പാലിച്ചിരിക്കുമെന്നും ഉറപ്പ് തരുന്നു. ഒരു ചെറിയ കുട്ടി, ഇർഷാമോൾക്ക് അടിയന്തര സഹായം അനിവാര്യമാണ്. ആ കുട്ടിക്ക് രണ്ട് വയസ്സാണ് ഉള്ളത്. അതിന് വളരെ ഗുരുതരമായ അസുഖം ബാധിച്ചിരിക്കുകയാണ്. ആ കുട്ടിക്ക് മജ്ജ മാറ്റി വെക്കേണ്ട ആവശ്യമുണ്ട്. അതിന് എല്ലാ ആളുകളും, സഹായിക്കാൻ കഴിയുന്ന ആളുകളെല്ലാം ആ കുട്ടിയെ സഹായിക്കണം എന്ന് ഞാൻ വളരെ വിനീതമായി അഭ്യർത്ഥിക്കുകയാണ്.
