മൂലമറ്റം: ഇടുക്കി ജില്ലാ മണ്ണ് പര്യവേക്ഷണ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനം അറക്കുളം പഞ്ചായത്തിൽ ആചരിച്ചു. അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇമ്മാനുവൽ സൈമൺ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ് നിർവഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച പ്രശ്‌നോത്തരി മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും കർഷകർക്കായി സോയിൽ ഹെൽത്ത് കാർഡ്, ടിഷ്യൂ കൾച്ചർ വാഴ, സൂക്ഷ്മ മൂലക കിറ്റ് വിതരണവും നടത്തി.
പരിപാടിയിൽ ജില്ലാ അഗ്രികൾച്ചർ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി (എ.റ്റി.എം.എ) പ്രോജക്റ്റ് ഡയറക്ടർ ഡീന എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. മണ്ണ് പര്യവേക്ഷണ ഓഫീസർ ബിനിമോൾ കെ. എസ് മണ്ണ് ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. മണ്ണ് പര്യവേക്ഷണ ഓഫീസർ ആഷിദ പി.വി എം.എ.എം (മണ്ണിനെ അറിയാം മൊബൈലിലൂടെ) മൊബൈൽ ആപ്ലിക്കേഷൻ പരിചയപ്പെടുത്തി.
കാലാവസ്ഥാ വ്യതിയാനവും മണ്ണ് സംരക്ഷണവും എന്ന വിഷയത്തിൽ പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ ഡോ.സിമി അഷ്‌റഫ് സെമിനാർ നയിച്ചു. മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടർ ശ്രീതു ജി.എസ്, ഇടുക്കി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുജിതമോൾ, കൃഷി ഓഫീസർ സുജിഷ, പഞ്ചായത്ത് മെമ്പർമാർ, വകുപ്പ് ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു.
