കോട്ടയം: കേരള കോൺഗ്രസ് എമ്മിൽ ഭിന്നതയില്ലെന്ന് നേതാക്കൾ. യു.ഡി.എഫിലേക്ക് ഇല്ലെന്നും നേതാക്കൾ ആവർത്തിച്ചു. മുന്നണി മാറ്റം ചർച്ച ചെയ്തിട്ടില്ലെന്നും പാർട്ടി ചെയർമാൻ ജോസ് കെ മാണി പ്രതികരിച്ചതിനപ്പുറം ഒന്നും പറയാനില്ലെന്നും റോഷി അഗസ്റ്റിൻ അടക്കമുള്ള നേതാക്കൾ പ്രതികരിച്ചു. കേരള കോൺഗ്രസ് എമ്മിൻ്റെ സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു നേതാക്കളുടെ പ്രതികരണം. പാർട്ടിയുടെ വളർച്ചയിൽ അസൂയയുള്ളവരാണ് ഇത്തരം പ്രചാരണം നടത്തുന്നത്. പാർട്ടിയിൽ ഇതുസംബന്ധിച്ച് ആശയക്കുഴപ്പമില്ല. ഇപ്പോൾ കോൺഗ്രസിനുണ്ടായത് മനംമാറ്റമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. മുന്നണി മാറ്റം സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തിൻ്റെ അജണ്ടയിൽ ഇല്ലെന്ന് എൻ ജയരാജും പറഞ്ഞു. കേരള കോൺഗ്രസ് എം എൽ.ഡി.എഫിൽ ഉറച്ചുനിൽക്കുമെന്നും നേതാക്കൾ ആവർത്തിച്ചു.
