VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തിരുവനന്തപുരത്ത് ജീപ്പിടിച്ച് ദമ്പതികൾ മരിച്ച കേസിൽ വാഹന ഉടമ പിടിയിൽ, ഉന്നത ഉദ്യോഗസ്ഥനും പ്രതിക്കൊപ്പം ഉണ്ടായിരുന്നതായി സൂചന

തിരുവനന്തപുരം: കിളിമാനൂരിൽ ജീപ്പിടിച്ച് ഇരുചക്രവാഹന യാത്രികരായ ദമ്പതികൾ മരിച്ച സംഭവത്തിൽ വാഹന ഉടമ വള്ളക്കടവ് സ്വദേശി വിഷ്ണു പിടിയിൽ. വിഷ്ണുവിൻറെ സുഹൃത്തിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേരള-തമിഴ്‌നാട് അതിർത്തിയിൽനിന്ന് പ്രത്യേക പൊലീസ് സംഘം വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്തിനു പുറത്തേക്കു രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു വിഷ്ണുവെന്നാണ് സൂചന. വിഷ്ണുവിൻറെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. അപകടസമയത്ത് വിഷ്ണുവാണോ ജീപ്പ് ഓടിച്ചിരുന്നത് എന്നതിൽ വ്യക്തതയില്ല.

ജീപ്പിൽനിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെയും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥന്റെയും തിരിച്ചറിയൽ കാർഡുകൾ കിട്ടിയെന്നു നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ ഈ രണ്ടു പേരുടെയും ഫോൺ ലൊക്കേഷൻ പരിശോധിച്ചുവെന്നും ഇവർ അപകടസമയത്ത് മറ്റിടങ്ങളിൽ ആയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ജനുവരി മൂന്നിനാണ് അപകടമുണ്ടായത്. വിഷ്ണുവിൻറെ ഥാർ കിളിമാനൂർ സ്വദേശികളായ രജിത്തും അംബികയും ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നാൽ ഇടിക്കുകയായിരുന്നു. വാഹനം അമിത വേഗതയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ അംബിക ഏഴാം തിയതിയും 20ന് രജിത്തും മരിച്ചു. അപകടത്തിനു പിന്നാലെ വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. നാട്ടുകാർ പിടികൂടുമ്പോൾ മദ്യലഹരിയിലായിരുന്നു ഇയാൾ. ദമ്പതികളുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം കനത്ത സാഹചര്യത്തിൽ വിഷ്ണുവിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തുകയായിരുന്നു. ദമ്പതികളെ ഇടിച്ചിട്ട വാഹനത്തിനുള്ളിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നീക്കമെന്നാണ് മരിച്ചവരുടെ ബന്ധുക്കളുടെ പരാതി.

അന്വേഷണത്തിലെ വീഴ്ച കണക്കിലെടുത്ത് കിളിമാനൂർ എസ്എച്ച്ഒ. ബി.ജയൻ, എസ്‌ഐ ആർ.യു.അരുൺ, ഗ്രേഡ് എസ്‌ഐ ഷജിം എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് അന്വേഷണം ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.മഞ്ജുലാലിനു കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *