തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ എതിർപ്പ് വ്യാപകമായതോടെ ബദൽ പദ്ധതിയുമായി സർക്കാർ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതി നടപ്പാക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. പദ്ധതിക്കായി സംസ്ഥാനത്തിൻറെ താത്പര്യം അറിയിച്ച് കേന്ദ്ര സർക്കാരിന് ഔപചാരികമായി കത്തയക്കും. അതിനാവശ്യമായ കൂടിയാലോചനകൾ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
കേന്ദ്ര സർക്കാരുമായി ചർച്ചകൾക്ക് ശേഷം, കേന്ദ്രത്തിൻറെ തത്വത്തിലുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് ധാരണാ പത്രത്തിൽ ഏർപ്പെടും, പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക കാര്യങ്ങൾ, വായ്പാസ്രോതസ്സുകൾ എന്നിവ സംബന്ധിച്ച അന്തിമ അനുമതി നൽകുന്നതിനു ഗതാഗത വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കും. ആർആർടിഎസ് (റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം) പ്രായോഗികവും സാമൂഹികവുമായി അംഗീകരിക്കാവുന്ന അതിവേഗ റെയിൽവേ സംവിധാനമാണ്. ഡൽഹി – മിററ്റ് ആർആർടിഎസ് കോറിഡോർ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.
അതിലൂടെ, ഇന്ത്യയിൽ ഈ സാങ്കേതികവിദ്യയുടെ പ്രായോഗികത തെളിയിക്കപ്പെട്ടു. മണിക്കൂറിൽ 160 – 180 കിലോമീറ്റർ വരെ വേഗം, കുറഞ്ഞ സ്റ്റേഷൻ ഇടവേള, ഉയർന്ന യാത്രാ ശേഷി എന്നിവ ആർആർടിഎസ് നെ കേരളത്തിനും അനുയോജ്യമാക്കുന്നു. ഇതിനു പുറമെ മീററ്റ് മെട്രോ എന്നത് ആർആർടിഎസുമായി സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്.
ഈ സംവിധാനം പൂർണമായും ഗ്രേഡ് – സെപ്പറേറ്റഡ്(തൂണുകളിൽ കൂടി) ആയി നടപ്പിലാക്കാൻ കഴിയും. കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് പദ്ധതിയെ കുറിച്ച് ആലോചിക്കുന്നതെന്ന് മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വിവിധ ഘട്ടങ്ങൾ പരസ്പരം സമാന്തരമായി ഒരേ സമയം തന്നെ പുരോഗമിക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്യുന്നത്. ആദ്യഘട്ടമായി തിരുവനന്തപുരം മുതൽ തൃശൂർ വരെ ഉള്ള ട്രാവൻകൂർ ലൈൻ, ഒപ്പം തിരുവനന്തപുരം മെട്രോയും കൂടാതെ കൊച്ചി മെട്രോയുടെ സംയോജിപ്പിക്കലും ഒരേ സമയക്രമത്തിൽ സമാന്തരമായി ആരംഭിക്കും.
284 കിലോമീറ്റർ വരുന്ന ആദ്യഘട്ടം 2027 ൽ നിർമ്മാണം ആരംഭിച്ച് 2033 ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടമായി തൃശൂർ മുതൽ കോഴിക്കോട് വരെ മലബാർ ലൈനും അതോടൊപ്പം കോഴിക്കോട് മെട്രോയും നടപ്പിലാക്കും. മൂന്നാംഘട്ടമായി കോഴിക്കോട് മുതൽ കണ്ണൂർ വരെ കണ്ണൂർ ലൈൻ വികസിപ്പിക്കുന്നതും അവസാന ഘട്ടമായി കണ്ണൂർ മുതൽ കാസർഗോഡ് ലൈനും പൂർത്തിയാക്കുന്നതിനുമാണ് നിർദ്ദേശമുള്ളത്.
