ഇടുക്കി: ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ദേവികുളം മുൻ എം എൽ എ എസ് രാജേന്ദ്രൻ ദിവസങ്ങൾക്ക് മുമ്പ് ബി ജെ പിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. രാജേന്ദ്രനൊപ്പം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജി എൻ ഗുരുനാഥനും ബി ജെ പിയിൽ ചേർന്നിരുന്നു. എസ് രാജേന്ദ്രനും ജി എൻ ഗുരുനാഥനുമടക്കം പുതിയതായി ബി ജെ പിയിലേക്കെത്തിയവർക്ക് ഇന്ന് മൂന്നാറിൽ സ്വീകരണമൊരുക്കി.
നൂറു കണക്കിന് പ്രവർത്തകരെ അണിനിരത്തി സമ്മേളനത്തിന് മുന്നോടിയായി ബി ജെ പി നടത്തിയ പ്രകടനം ദേവികുളം മണ്ഡലത്തിൽ പാർട്ടിയുടെ ശക്തി പ്രകടനം കൂടിയായി മാറി. പ്രകടനശേഷം നടന്ന സ്വീകരണ സമ്മേളനം ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബി ജെ പി ജില്ലാ അധ്യക്ഷ അഡ്വ.ശ്രീവിദ്യ രാജേഷ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ് സുരേഷ്, എ എൻ രാധാകൃഷ്ണൻ, എൻ ഹരി, മനു പ്രസാദ്, വി എൻ സുരേഷ് തുടങ്ങി നിരവധി സംസ്ഥാന, ജില്ലാ നേതാക്കൾ സംസാരിച്ചു.ജില്ലയിലെ ആകെ മണ്ഡലങ്ങൾ പരിശോധിച്ചാൽ തങ്ങൾക്ക് ക്രമാനുഗതമായ വളർച്ചയുണ്ടെന്ന് ബി ജെ പി കരുതുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ദേവികുളം. എസ് രാജേന്ദ്രനെ പോലെ ഒരു മുൻ എം എൽ എ ബി ജെ പിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് മണ്ഡലത്തിൽ തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ബി ജെ പി നേതൃത്വം കണക്ക് കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് എസ് രാജേന്ദ്രനും ജി ഗുരുനാഥനും അടക്കം ബി ജെ പിക്കൊപ്പം ചേർന്നവർക്ക് ഇന്ന് മൂന്നാറിൽ വമ്പിച്ച സ്വീകരണമൊരുക്കിയത്.
