തിരുവനന്തപുരം: ഭാഗ്യക്കുറി ഏജൻറുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കായി നടപ്പാക്കിയ സൗജന്യ ഭവന പദ്ധതിയുടെ ആദ്യഘട്ട താക്കോൽ സമർപ്പണം ശനിയാഴ്ച വൈകിട്ട് മൂന്നിന്. താക്കോൽ സമർപ്പണത്തിൻറെ സംസ്ഥാനതല ഉദ്‌ഘാടനം ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ കൊല്ലം സിഎസ്‌ഐ കൺവൻഷൻ സെൻ്ററിൽ നിർവഹിക്കും. എം നൗഷാദ് എംഎൽഎ അധ്യക്ഷത വഹിക്കും.
എം മുകേഷ് എംഎൽഎ, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ഡോ. മിഥുൻ പ്രേംരാജ്, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് സ്ഥാപക ചെയർമാൻ എം.വി. ജയരാജൻ, കൊല്ലം മേയർ എ.കെ. ഹഫീസ്, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആർ. ലതാദേവി, സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ എസ്. ജയമോഹൻ, ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ ടി.ബി. സുബൈർ തുടങ്ങിയവർ പങ്കെടുക്കും. കഴിഞ്ഞ ഒക്റ്റോബറിൽ വീടുകളുടെ നിർമാണോദ്‌ഘാടനം നടന്ന് ആറ് മാസത്തിനുള്ളിലാണ് പണിപൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറുന്നത്. 2021ലെ ലൈഫ്- വിഷു ബംപർ ലോട്ടറിയുടെ ലാഭവിഹിതമായ 9.47 കോടി രൂപ വിനിയോഗിച്ചാണ് വീടുകൾ നിർമിക്കുന്നത്.
14 ജില്ലകളിലായി ആകെ 160 വീടുകളാണ് നിർമിക്കുക. പദ്ധതിയുടെ ഗുണഭോക്താക്കളായ ഓരോ അംഗത്തിനും നാലുഘട്ടങ്ങളിലായി ആകെ 5,92,000 രൂപ നൽകും. 650-800 ചതുരശ്ര അടി വിസ്‌തീർണത്തിലുള്ള ഒറ്റ നില വീടുകളാണ് നിർമിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് 12 ഗുണഭോക്താക്കൾക്കും കൊല്ലത്ത് 18 ഗുണഭോക്താക്കൾക്കും വീട് ലഭിക്കും. പത്തനംതിട്ട (8), ആലപ്പുഴ (15), കോട്ടയം (11), ഇടുക്കി (11), എറണാകുളം (14), തൃശൂർ (14), പാലക്കാട് (16), മലപ്പുറം (8), കോഴിക്കോട് (8), വയനാട് (8), കണ്ണൂർ (9), കാസർഗോഡ് (8) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ഗുണഭോക്താക്കൾ.
