ഇടുക്കി: തൊടുപുഴയിൽ പി.ജെ. ജോസഫിന് പകരം മകൻ അപു ജോൺ ജോസഫ് യു.ഡി.എഫ് സ്ഥാനാർത്ഥിയായെത്തുമ്പോൾ, കേരള കോൺഗ്രസ് എമ്മിലെ സിറിയക് ചാഴികാടനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. എൻ.ഡി.എയ്ക്കായി ട്വൻറി-20 സ്ഥാനാർത്ഥി അഡ്വ. റോയി വാരിക്കാട്ടും, ആം ആദ്മി പാർട്ടിക്കായി ബേസിൽ ജോണും ഇവിടെ മത്സരരംഗത്തുണ്ട്. ഇടുക്കി മണ്ഡലത്തിൽ മന്ത്രി റോഷി അഗസ്റ്റിനും കെ.പി.സി.സി വൈസ് പ്രസിഡന്റ് റോയ് കെ. പൗലോസും തമ്മിലാണ് പ്രധാന പോരാട്ടം.
ബി.ഡി.ജെ.എസിലെ പ്രതീഷ് പ്രഭയും ഇവിടെ സജീവമാണ്. തിരിച്ചുവരവുകളുടെ പോരാട്ടം നടക്കുന്ന ഉടുമ്പൻചോലയിൽ മുൻ എം.എൽ.എ കെ.കെ. ജയചന്ദ്രൻ എൽ.ഡി.എഫിനായി കളത്തിലിറങ്ങുമ്പോൾ, സേനാപതി വേണുവിലൂടെ മണ്ഡലം പിടിച്ചെടുക്കാനാണ് കോൺഗ്രസ് ശ്രമം. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി സംഗീത വിശ്വനാഥനും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. ദേവികുളത്ത് എ. രാജയും എഫ്. രാജയും തമ്മിലുള്ള ‘രാജ’ പോരാട്ടത്തിനിടയിലേക്ക് ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ എത്തിയത് മത്സരത്തിന്റെ വീറും വാശിയും വർധിപ്പിക്കുന്നു.
പീരുമേട്ടിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറും കോൺഗ്രസിലെ സിറിയക് തോമസും തമ്മിലാണ് പ്രധാന മത്സരം. വി. രതീഷാണ് എൻ.ഡി.എ സ്ഥാനാർത്ഥി. നാമനിർദ്ദേശക പത്രികാ സമർപ്പണം കൂടി പൂർത്തിയാകുന്നതോടെ ജില്ലയിൽ രാഷ്ട്രീയ പോരാട്ടം അതിന്റെ പൂർണ്ണരൂപത്തിലാകും. വരുംദിവസങ്ങളിൽ പ്രമുഖ നേതാക്കൾ കൂടി എത്തുന്നതോടെ മലനാട് തിരഞ്ഞെടുപ്പ് ആവേശത്തിന്റെ കൊടുമുടിയിലേക്ക് എത്തും.
