കരിമണ്ണൂർ: റോഡരികിൽ മുറിച്ചു കൂട്ടിയിരിക്കുന്ന മരങ്ങൾ ചിതലെടുത്തും മഴയും വെയിലുമേറ്റ് ദ്രവിച്ചിട്ടും തിരിഞ്ഞു നോക്കതെ വനംവകുപ്പ്. നെയ്യശ്ശേരി – തോക്കുമ്പൻ റോഡിന്റ വശങ്ങളിൽ നാരങ്ങാനം ഭാഗത്താണ് ഇത്തരത്തിൽ വലിയ തടികൾ കിടന്നു നശിക്കുന്നത്. ഇതിൽ ഏറെയും പാഴ്മരങ്ങളാണെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. എന്നാൽ മരുതും ഇരുപൂളും ഉൾപ്പെടെ ഉപയോഗിക്കാൻ കഴിയുന്ന നിരവധി തടികളും കൂട്ടത്തിലുണ്ടെന്നും പാഴ്മരങ്ങൾ ലേലം ചെയ്താൽ വിറകിന് ഉൾപ്പെടെ ആവശ്യക്കാരുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ താത്പര്യക്കുറവാണ് തടികൾ ഇത്തരത്തിൽ ദ്രവിച്ചു നശിച്ചു പോകാൻകാരണമെന്നും നാട്ടുകാർ പറയുന്നു.

കൈവശ ഭൂമിയിൽ മണ്ണിളക്കിയാൽ കർഷകനെതിരെ കേസ് എടുക്കുന്ന വനംവകുപ്പിന് തേക്കിൻകൂപ്പിലെ തോക്കുകളുടെ അടിവേരുവരെ മാന്താം എന്നതാണ് നിയമമെന്നും അവർ കൂട്ടിച്ചേർത്തു. കാളിയാർ റേഞ്ചിന് കീഴിലുള്ള സംരക്ഷിത വനത്തിലാണ് മണ്ണ് ഇളക്കിയത്. മുളപ്പുറം ബീറ്റ് ഫോറസ്റ്റ് സ്റ്റേഷനടുത്താണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി കൂപ്പിനുള്ളിൽ മണ്ണമാന്തി യന്ത്രം ഉപയോഗിച്ച് പണികൾ നടത്തിയത്.
വിറക് അട്ടിയിടനായിട്ട് ഇത്തരത്തിൽ സ്ഥലം നിരപ്പാക്കിയതാണ്. നിരവധി വലിയ തേക്ക് മരങ്ങളുടെ അടിവേര് ഉൾപ്പെടെ മാന്തി ഇളക്കിയിട്ടുണ്ട്. പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുന്ന ഇത്തരം പ്രവർത്തികൾ വനം വകുപ്പ് ചെയ്യുകയും. ഇതേ വകുപ്പ് കൈവശ ഭൂമിയിൽ കൃഷി ചെയ്യാനായി മണ്ണ് ഇളക്കിയാൽ കർഷകന്റ പേരിൽ കേസെടുക്കും, യന്ത്രങ്ങളും കാർഷീക ഉപകരണങ്ങളും പിടിച്ചെടുക്കും. ഇവരാണ് ഇത്തരം പ്രകൃതിക്കു ദോഷം വരുന്ന പ്രവർത്തികൾ നടത്തുന്നതെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിക്കുന്നു. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നടപടി എടുക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നുമാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം.
