VBC NEWS THODUPUZHA

തിരുവനന്തപുരത്ത് കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ലെന്ന് പറഞ്ഞ് യുവാവ് വീടിന് തീയിട്ടു

തിരുവനന്തപുരം: ലഹരി ഉപയോഗിക്കാൻ പണം നൽകാത്തതിനെ തുടർന്ന് യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്താണ് സംഭവം നടന്നത്. കണിയാപുരം സ്വദേശി ഷാജഹാൻ വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് അദ്ദേഹത്തിൻറെ ഭാര്യ അമീനയുടെ സഹോദരി പുത്രനായ ഫൈസൽ(28) തീയിട്ടത്. കഴിഞ്ഞദിവസം രാത്രി ഏഴ് മണിയോടെയാണ് ഫൈസൽ ഷാജഹാൻറെ വീട്ടിലെത്തി കഞ്ചാവ് വാങ്ങാനായി പണം ആവശ്യപ്പെട്ടത്.

എന്നാൽ വീട്ടുകാർ പണം നൽകാൻ കൂട്ടാക്കിയില്ല. ഇതോടെ ഇയാൾ അക്രമാസക്തനാവുകയായിരുന്നു. കത്തി കൊണ്ട് സ്വന്തം കൈ ഞെരമ്പ് മുറിക്കാൻ ശ്രമിച്ചു. ഇതിനിടെ വീടിന് തീയിടുമെന്ന് ഇയാൾ ഭീഷണി മുഴക്കുകയും ചെയ്തു. ഭയന്ന് പോയ ഷാജഹാനും ഭാര്യയും ഉടൻതന്നെ മറ്റൊരു വീട്ടിലേക്ക് മാറി. ഇവർ മാറിയ ഉടനെ തന്നെ ഫൈസൽ വീടിന് തീയിട്ടു. തീ പടർന്നതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ പൊട്ടിത്തെറിച്ചു.

സ്ഫോടന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചത്. ഫയർഫോഴ്സ് സമയോചിതമായി ഇടപെട്ടതിനെ തുടർന്ന് തീ നിയന്ത്രണവിധേയമാക്കി. വീട് പൂർണമായും കത്തി നശിച്ചനിലയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *