തൃശൂർ: കിറ്റ് വിവാദത്തിൽ മണലൂർ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനെതിരേ ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും. നടനും ബിജെപി നേതാവുമായ ദേവൻറെ തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തി എന്നു കാണിച്ചാണ് പരാതി. കിറ്റുമായി ദേവന് ബന്ധമില്ലെന്നും കിറ്റ് വിവാദം റ്റി.എൻ പ്രതാപൻറെ പൊറോട്ടുനാടകം ആണെന്ന് മണലൂരിലെ എൻഡിഎ സ്ഥാനാർഥി കെ.കെ അനീഷ് കുമാർ ആരോപിച്ചു. ‘‘സൂപ്പർ മാർക്കറ്റ് ഉടമ എസ്എൻഡിപി നേതാവാണ്. സാമുദായിക നേതാവ് എന്ന നിലയിലാണ് അദ്ദേഹത്തെ ദേവൻ കാണാൻ എത്തിയത്. സൂപ്പർ മാർക്കറ്റിൻറെ ഉടമ അദ്ദേഹത്തിന് വിഷുവിനു കിട്ടിയ ഓർഡർ പ്രകാരം സാധന സാമഗ്രികൾ ഗോഡൗണിൽ തയാറാക്കുകയായിരുന്നു. ബിജെപി കിറ്റ് കൊടുത്തതായി എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോ. ദേവനും കിറ്റും തമ്മിൽ ഒരു ബന്ധവുമില്ലെന്ന്’’ അനീഷ് കുമാർ പറഞ്ഞു.
ബിജെപി പ്രവർത്തകരോ ദേവനോ കിറ്റ് വാങ്ങിയെന്നോ കൊടുത്തെന്നോ തെളിയിക്കാൻ പൊലീസിനെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും എൻഡിഎ സ്ഥാനാർഥി വെല്ലുവിളിച്ചു. സംഭവത്തിൽ സ്ഥാപന ഉടമയെയും പ്രാദേശിക ബിജെപി പ്രവർത്തകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പിടിയിലായ വാടാനപ്പള്ളിയിലെ പ്രാദേശിക ബിജെപി പ്രവർത്തകൻ സതീഷിനെ കൂടുതൽ ചോദ്യം ചെയ്യും. കിറ്റുകൾ വിഷുവിനു സന്നദ്ധ സംഘടനക്ക് നൽകാൻ ഓർഡർ ചെയ്തതാണെന്നും അല്ലാതെ വോട്ടർമാരെ സ്വാധീനിക്കാൻ അല്ലെന്നുമാണ് സതീഷിൻറെ മൊഴി.
