VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു

കണ്ണൂർ: സിവിൽ പൊലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വലിലെ ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം കഠിന തടവും, 2 ലക്ഷം രൂപ പിഴയും വിധിച്ചു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് ശിക്ഷ വിധിച്ചത്. മൂന്ന് ജീവപര്യന്തം ശിക്ഷ അപൂർവമായിട്ടാണ് ലഭിക്കാറുള്ളത്. മൂന്നുവകുപ്പുകളിൽ മൂന്ന് ജീവപര്യന്തവും ഒരു വകുപ്പിൽ ഏഴ് വർഷം തടവുമാണ് വിധിച്ചത്.

ശിക്ഷ പ്രതി ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത് കുമാർ വാദിച്ചത്. കരിവെള്ളൂർ പലിയേരി കൊവ്വലിലെ ദിവിശ്രീയെ 2024 നവംബർ 21ന് വൈകിട്ട് വീട്ടിൽവച്ചാണ് ദിവ്യശ്രീയുടെ ഭർത്താവ് രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരും അകന്ന് കഴിയുകയായിരുന്നു. കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥയായിരുന്നു ദിവ്യശ്രീ. സംഭവദിവസം രാത്രി ശബരിമല ഡ്യൂട്ടിക്ക് പോകേണ്ടതായിരുന്നു. ഇവരുടെ വിവാഹമോചന കേസ് കണ്ണൂർ കുടുംബകോടതിയുടെ പരിഗണനയിലായിരുന്നു.

സംഭവദിവസം കോടതിയിൽ എത്തിയ ദിവ്യശ്രീ വിവാഹബന്ധം തുടരാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞിരുന്നു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. വീടിൻറെ വരാന്തയിൽ പെട്രോൾ ഒഴിച്ചശേഷം രാജേഷ് ദിവ്യശ്രീയെ പല തവണ വെട്ടി. രക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ പിന്തുടർന്ന് ഗേറ്റുവരെ വെട്ടിവീഴ്ത്തിയെന്നാണ് വിവരം. തടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ പിതാവ് വാസുവിനെയും വെട്ടി പരുക്കേൽപ്പിച്ചു. ബൈക്ക് എത്തിയ പ്രതി, വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തുടർന്ന് അടുത്തുള്ള എടിഎമ്മിലെത്തി പണം പിൻവലിച്ച് വളപ്പട്ടണത്തെ ബാറിലെത്തി മദ്യപിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലാകുന്നത്. ദിവ്യശ്രീയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങളും തെളിവുകളും കോടതിയിൽ ഹാജരാക്കി. 102 രേഖകളും 51 തൊണ്ടി മുതലും കോടതിയിൽ ഹാജരാക്കി.

Leave a Comment

Your email address will not be published. Required fields are marked *