VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മാധ്യമപ്രവർത്തകയെ ഇസ്രയേൽ പിന്തുടർന്ന് വധിച്ചു

ബെയ്റൂട്ട്: ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രമുഖ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. അൽ – അഖ്ബർ പത്രത്തിൻറെ വനിതാ റിപ്പോർട്ടർ അമൽ ഖലീലാണ് കൊല്ലപ്പെട്ടത്. തെക്കൻ ഗ്രാമമായ അൽ – തിരിയിലെ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിലാണ് അമൽ ഖലീൽ കൊല്ലപ്പെട്ടതെന്ന് പത്രം സ്ഥിരീകരിച്ചു. മാധ്യമപ്രവർത്തക സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപം ആദ്യം ആക്രമണമുണ്ടായിരുന്നു.

ഇതിൽ നിന്ന് രക്ഷപ്പെട്ട അമൽ ഖലീലും സഹപ്രവർത്തക സൈനബ് ഫറജും അൽ – തിരിയിലെ ഒരു വീട്ടിൽ അഭയം തേടുകയായിരുന്നു. എന്നാൽ, ഈ വീടിന് നേരെ ഇസ്രയേൽ രണ്ടാമതും ബോംബാക്രമണം നടത്തുകയായിരുന്നുവെന്ന് ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ സൈനബ് ഫറജിനെ രക്ഷിക്കാൻ സാധിച്ചെങ്കിലും അമൽ ഖലീൽ മണിക്കൂറുകളോളം തകർന്ന കെട്ടിടത്തിൻറെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നു.

ഇസ്രയേൽ സൈന്യം വെടിയുതിർത്തതിനാൽ രക്ഷാപ്രവർത്തകർക്ക് സ്ഥലത്തേക്ക് എത്തുന്നതിന് തടസമുണ്ടായതായി മന്ത്രാലയം കുറ്റപ്പെടുത്തി. ആറ് മണിക്കൂറിലധികം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ അർധരാത്രിയോടെയാണ് അമൽ ഖലീലിൻറെ മൃതദേഹം പുറത്തെടുത്തത്. എന്നാൽ, മാധ്യമപ്രവർത്തകരെ ലക്ഷ്യം വെച്ചിട്ടില്ലെന്നും രക്ഷാപ്രവർത്തനം തടഞ്ഞിട്ടില്ലെന്നും ഇസ്രയേൽ സൈന്യം പ്രതികരിച്ചു. ഗ്രാമവാസികൾ വെടിനിർത്തൽ ലംഘിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് ഇസ്രയേലിൻറെ വാദം. മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ലബനീസ് വാർത്താവിനിമയ മന്ത്രി പോൾ മോർക്കോസ് പറഞ്ഞു. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. ഈ വർഷം ലബനനിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം ഒൻപതായി. മാർച്ച് രണ്ടിന് യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ 2,300-ലധികം ആളുകൾ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം പേർ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *