തൊടുപുഴ: റോഷി അഗസ്റ്റിനെതിരെ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം ജയകൃഷ്ണൻ പുതിയേടത്ത്. പാർട്ടിക്കുണ്ടായ തിരിച്ചടിക്ക് കാരണം കാരണം റോഷി അഗസ്റ്റിനാണെന്ന് അദ്ദേഹം പറഞ്ഞു. മുന്നണി മാറ്റത്തിന് അവസരം ലഭിച്ചപ്പോൾ ഉപയോഗിച്ചില്ല. യുഡിഎഫുമായി ചർച്ചയ്ക്കുള്ള അവസരം ജോസ് കെ മാണി സൃഷ്ടിച്ചു. ഇത് പ്രമോദ് നാരായണൻ മാധ്യമങ്ങൾക്ക് ചോർത്തി നൽകി. ഇതറിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് റോഷിയെ വിളിച്ചുവെന്നും ഭയന്നുപോയ റോഷി പാർട്ടിയെ വഞ്ചിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റോഷി ഭയന്നത് മടിയിൽ കനം ഉള്ളതുകൊണ്ടാണ്. മുന്നണി മാറ്റം നടക്കാതെ പോയതിൽ അണികൾക്കുള്ളിൽ കടുത്ത അതൃപ്തിയുണ്ട്. റോഷി അഗസ്റ്റിൻ പാർട്ടിയെ ഒറ്റിക്കൊടുത്തു. ഇനിയും കൂടുതൽ പ്രവർത്തകർ പാർട്ടി വിട്ടുപോകുമെന്നും റോഷി പാർട്ടിയ്ക്ക് തീ പിടിപ്പിച്ചെന്നും ജയകൃഷ്ണൻ പുതിയേടത്ത് ആരോപിച്ചു.
