ബാംഗ്ലൂർ: ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആർസിബി ധനസഹായം പ്രഖ‍്യാപിച്ചു. മരിച്ച 11 പേരുടെ കുടുംബത്തിനും 25 ലക്ഷം രൂപ വീതമാണ് ആർസിബി ധനസഹായമായി പ്രഖ‍്യാപിച്ചിരിക്കുന്നത്. സമൂഹമാധ‍്യമങ്ങളിലൂടെയാണ് ആർസിബി ഇക്കാര‍്യം അറിയിച്ചത്. ജൂൺ നാലിന് വൈകിട്ടായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് ആർസിബിയുടെ വിജയാഘോഷം നടന്നത്. ഐപിഎല്ലിൽ കന്നിക്കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ടീമിനെ സ്വീകരിക്കുന്ന ചടങ്ങിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ടായിരുന്നു 11 പേരും മരിച്ചത്. 55 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
