ന്യൂഡൽഹി: ബലാത്സംഗ പരാതി പിൻവലിക്കാൻ അഭിഭാഷകയെ ഭീഷണിപ്പെടുത്തിയ കേസിൽ ജില്ലാ ജഡ്ജിമാർക്കെതിരേ ഡൽഹി ഹൈക്കോടതിയുടെ നടപടി. ഡൽഹി സാകേത് കോടതിയിലെ ജഡ്ജി സഞ്ജീവ് കുമാർ സിങിനെ സസ്പെൻഡ് ചെയ്യുകയും മറ്റൊരു ജഡ്ജി അനിൽകുമാറിനെതിരേ അച്ചടക്ക നടപടിക്കും ഹൈക്കോടതി ശുപാർശ ചെയ്തു. ഒരു അഭിഭാഷകനെതിരേ അഭിഭാഷക നൽകിയ പരാതി പിൻവലിക്കാൻ ഈ 2 ജഡ്ജിമാരും സമ്മർദം ചെലുത്തിയെന്നും 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നുമാണ് അഭിഭാഷകയുടെ പരാതി.
പരാതി ലഭിച്ചയുടനെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിൻറെ നിർദേശപ്രകാരം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി. പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനു പിന്നാലെ ഓഗസ്റ്റ് 28 ന് ചേർന്ന് ഫുൾ കോർട്ട് റഫറൻസിലാണ് നടപടിയെടുക്കാനുള്ള തീരുമാനമുണ്ടായത്.