ന്യൂഡൽഹി: ലോകം ഇന്ത്യയെ വിശ്വസിക്കുന്നുവെന്നും സെമികണ്ടക്ടറുകളുടെ ഭാവി കെട്ടിപ്പടുക്കാൻ തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച നടന്ന സെമികോൺ കോൺഫറൻസ് 2025 ൽ സംസാരിക്കവെയാണ് മോദിയുടെ പ്രതികരണം. ആഗോള സെമികണ്ടക്ടർ ആവാസവ്യവസ്ഥയിൽ രാജ്യം പ്രധാന പങ്ക് വഹിക്കാൻ തയ്യാറാണെന്ന് മോദി പറഞ്ഞു.
ഈ മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനായി സർക്കാർ അടുത്ത തലമുറ പരിഷ്കാരങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ നിർമിച്ച ഏറ്റവും ചെറിയ ചിപ്പ് പോലും ലോകത്തിലെ ഏറ്റവും വലിയ മാറ്റത്തിന് കാരണമാകും. എണ്ണ കറുത്ത സ്വർണമായിരുന്നെങ്കിൽ ചിപ്പുകൾ വജ്രങ്ങളാണ്. 2021 മുതൽ 18 ബില്യൺ യുഎസ് ഡോളർ നിക്ഷേപമുള്ള 10 സെമികണ്ടക്ടർ പദ്ധതികൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്നും, ഇന്ത്യയുടെ സാധ്യതകളിലുള്ള ആഗോള ആത്മവിശ്വാസത്തിൻറെ തെളിവാണിതെന്നും മോദി സൂചിപ്പിച്ചു.
2025 ഏപ്രിൽ-ജൂൺ മാസങ്ങളിൽ രാജ്യം 7.8 ശതമാനം വളർച്ച രേഖപ്പെടുത്തി, നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷിയും ഇന്ത്യ ലോകത്തിന് നൽകുന്ന അവസരങ്ങളും ഇത് കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.