ന്യൂഡല്‍ഹി: ആഭ്യന്തര വിപണിക്ക് പുതിയ ഊർജം നൽകി രാജ്യത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) ഇളവ് പ്രാബല്യത്തില്‍. അടുക്കള സാമഗ്രികൾ മുതൽ വാഹനവും മരുന്നും ഇലക്ട്രോണിക് ഉത്പന്നങ്ങളുമടക്കം 375ഓളം ഇനങ്ങളുടെ നികുതിയിൽ തിങ്കളാഴ്ച മുതൽ ഗണ്യമായ കുറവുണ്ടാകും. ജിഎസ്ടി ഏർപ്പെടുത്തിയ 2017 ജൂലൈ മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന 5%, 12%, 18%, 28% എന്നീ നാലുസ്ലാബുകൾ നവരാത്രി ഉത്സവകാലം തുടങ്ങുന്ന തിങ്കളാഴ്ച മുതല്‍ രണ്ടായി ചുരുങ്ങും. 5%, 18% എന്നിങ്ങനെയാണ് ഇനിയുള്ള സ്ലാബുകൾ. നിത്യോപയോഗ സാധനങ്ങള്‍ 5% സ്ലാബിലാണ്.
മറ്റ് സാധനങ്ങളെയും സേവനങ്ങളെയും 18% സ്ലാബില്‍ ഉള്‍പ്പെടുത്തും. അതേസമയം ആഡംബര ഉത്പന്നങ്ങള്‍, പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനികരമായ ഉത്പന്നങ്ങള്‍ക്കും ലോട്ടറിക്കും 40 ശതമാനം ജിഎസ്ടി നിരക്ക് ഈടാക്കും. നികുതി ലളിതമാക്കാനും ഉപഭോഗം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ജിഎസ്ടി പരിഷ്കരണം പ്രഖ്യാപിച്ചത്.
ഇതുവഴി ആഭ്യന്തര വിപണി കൂടുതൽ കരുത്താർജിക്കുമെന്നു സർക്കാർ പ്രതീക്ഷിക്കുന്നു. നിരക്കിളവിന്റെ ഗുണം നേരിട്ട് വിപണിയിൽ പ്രതിഫലിക്കണമെന്നു കേന്ദ്രം വ്യാപാര, വ്യവസായ മേഖലയ്ക്കു നിർദേശം നൽകിയിട്ടുണ്ട്. എഫ്എംസിജി മുതല്‍ ഓട്ടോ വരെയുള്ള മേഖലകള്‍ ജിഎസ്ടി കുറയ്ക്കുന്നതിന്റെ ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ക്കു കൈമാറുമെന്നു നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നിരക്കിളവുമൂലം ഈ വർഷം 48000 കോടി രൂപയുടെ റവന്യൂ നഷ്ടമുണ്ടാകുമെന്നാണു കണക്കുകൂട്ടൽ. എന്നാൽ, ഇതു സമ്പദ്വ്യവസ്ഥയുടെ 4.5 ശതമാനം മാത്രമായതിനാൽ കാര്യമായി ബാധിച്ചേക്കില്ലെന്നും വ്യാപാരം മെച്ചപ്പെടുന്നതിനാൽ നഷ്ടം മറികടക്കാനാകുമെന്നും കരുതുന്നു.
വില കുറയുന്നവ – നേരത്തെ 12% നികുതി ചുമത്തിയിരുന്ന നിത്യോപയോഗ സാധനങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും ഇനി 5 % നികുതി. ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാംപൂ. ബിസ്ക്കറ്റ്, സ്നാക്സ്, ജൂസ് പോലുള്ള പാക്കേജ്ഡ് ഭക്ഷണങ്ങള്‍. നെയ്യ്, പാല് ഉള്‍പ്പെടുന്ന ഡയറി ഉത്പന്നങ്ങള്‍. സൈക്കിള്‍, സ്റ്റേഷനറികള്‍. അപ്പാരല്‍സ്, ഫുട്വെയറുകള്, എയര്‍ കണ്ടീഷണറുകള്‍, റെഫ്രിജറേറ്ററുകള്‍, ഡിഷ്വാഷറുകള്, വലിയ സ്ക്രീനുള്ള ടിവികള്‍, സിമന്റ്, വാഹനങ്ങൾ.
വില കൂടുന്നവ – പുകയില ഉത്പന്നങ്ങള്‍, മദ്യം, പാന്‍ മസാല, ലോട്ടറി, 2500 രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, 20 ലക്ഷം മുതല്‍ 40 ലക്ഷം വരെ വിലയുള്ള നാലുചക്ര ഇലക്ട്രിക് വാഹനങ്ങള്‍, ആഡംബര വാഹനങ്ങള്‍(40 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവ), ആഡംബര ഇനങ്ങളായ വജ്രം, വിലയേറിയ കല്ലുകള്‍.