ദിസ്പൂർ: ഗായകൻ സുബിൻ ഗാർഗിൻ്റെ മരണത്തിനിടയാക്കിയ നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൻറെ മുഖ്യ സംഘാടകനായ സ്യാംകാനു മഹന്തന് വിലക്കേർപ്പെടുത്തി അസം സർക്കാർ. സംസ്ഥാനത്ത് പരിപാടികൾ നടത്തുന്നതിൽ നിന്ന് സ്യാംകാനു മഹന്തന് വിലക്കേർപ്പെടുത്തിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. സെപ്റ്റംബർ 19ന് കടലിൽ നീന്തിക്കടക്കുന്നതിനിടെ ഗാർഗ് സിംഗപ്പൂരിൽ വച്ച് മരണപ്പെട്ടത്.
മഹന്തയും സംഘവും സംഘടിപ്പിച്ച നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൻറെ നാലാമത് പതിപ്പിൽ പങ്കെടുക്കാനായാണ് അദ്ദേഹം സിംഗപ്പൂരിലേക്ക് പോയത്. സ്യാംകാനു മഹന്തയും അദ്ദേഹവുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘടനകളും അസമിൽ ഏതെങ്കിലും പരിപാടികളോ ഉത്സവങ്ങളോ നടത്തുന്നത് വിലക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കി. അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്ന ഒരു പരിപാടിക്കും നേരിട്ടോ അല്ലാതെയോ സംസ്ഥാന സർക്കാർ സാമ്പത്തിക ഗ്രാൻറോ പരസ്യമോ സ്പോൺസർഷിപ്പോ നൽകില്ലെന്നും കൂട്ടിച്ചേർത്തു.
സിംഗപ്പൂരിൽ വച്ച് സ്കൂബ ഡൈവിങ്ങിനിടെ ശ്വാസതടസം നേരിടുകയായിരുന്നു. കരയിലെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വിവിധ ഭാഷകളിലായി 38,000 ഗാനങ്ങൾ പാടിയിട്ടുണ്ട്. ഇമ്രാൻ ഹാഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ ഗാങ്സ്റ്റർ എന്ന ചിത്രത്തിലെ ‘യാ അലി’ എന്ന ഗാനം സുബിനാണ് പാടിയത്.