കൽപ്പറ്റ: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി പ്രസിഡൻറ് എൻ.എം വിജയൻറെ വീടിൻറെ ആധാരം ബാങ്ക് കുടുംബത്തിന് കൈമാറി. കുടിശികയായ 63 ലക്ഷം രൂപ ബുധനാഴ്ച ബത്തേരി അർബൻബാങ്കിൽ കോൺഗ്രസ് അടച്ചതോടെയാണ് ബാങ്കിൻറെ നടപടി. സെപ്റ്റംബർ 30നകം ബാധ്യത അടച്ച് തീർത്തില്ലെങ്കിൽ ഒക്‌ടോബർ 2 മുതൽ സത്യാഗ്രഹമിരിക്കുമെന്ന് വിജയൻറെ കുടുംബം കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് 24 ന് തന്നെ മുഴുവൻ തുകയും കോൺഗ്രസ് അടച്ച് തീർത്തത്. എഗ്രിമെൻറ് പ്രകാരമുള്ള വാക്ക് കോൺഗ്രസ് പാലിച്ചെന്ന് വിജയൻറെ മരുമകൾ പത്മജ പ്രതികരിച്ചു.
ആദ്യം തള്ളിപ്പറഞ്ഞപ്പോഴും പിന്നീട് ചേർത്തു നിർത്തിയപ്പോഴും പാർട്ടിക്കൊപ്പം നിന്നവരാണ് തങ്ങളെന്ന് പത്മജ പറഞ്ഞു. 50 വർഷം പാർട്ടിക്ക് വേണ്ടി ജീവിച്ച് മരിച്ച ആളുടെ കുടുംബത്തോട് കാണിക്കേണ്ട നീതി അന്ന് കോൺഗ്രസ് കാണിച്ചിട്ടില്ല. എന്നിട്ടും വീട്ടിൽ വന്നപ്പോൾ ഞങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. സൈബർ ആക്രമണത്തിലൂടെ ഞങ്ങളുടെ കുടുംബത്തെ ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. പാർട്ടി വരുത്തിവച്ച കടങ്ങളിതാണ്.
അത് പാർട്ടി തന്നെ വീട്ടി. ആദ്യം രണ്ടരക്കോടി തരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് കെപിസിസിക്ക് പണമില്ലെന്ന് പറഞ്ഞു. എഗ്രിമെൻറ് പ്രകാരം പറഞ്ഞ തുക തന്ന് കടം വീട്ടി. ബാക്കി കടങ്ങൾ അച്ഛൻ തന്നെ വരുത്തി വച്ചതാവാം. ആ കടം വീട്ടണം. ഞങ്ങൾക്ക് ജീവിച്ചേ മതിയാവൂ. അതിനായി ഇനിയും പോരാടും. കാലിന് ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുമ്പോൾ ഒരമ്മ ചെയ്യുന്ന കാര്യങ്ങളെ താനും ചെയ്തിട്ടുള്ളൂവെന്നും അവർ പറഞ്ഞു. വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻറെ രാജിയെ പറ്റി രാഷ്ട്രീയമായി സംസാരിക്കുന്നില്ല.
അന്നും ഇന്നും പാർട്ടി പ്രവർത്തകയല്ല. ഒന്നുമാത്രം പറയാം, കർമ എന്നുണ്ട്. അദേഹം ചെയ്തതിൻറെ ഫലം അദ്ദേഹം അനുഭവിക്കും. അച്ഛൻറെ മരണത്തിലെ രണ്ടാം പ്രതിയാണ് അപ്പച്ചനെന്നും പത്മജ പറഞ്ഞു.