തൊടുപുഴ: കാളിയാർ സെന്റ് മേരീസ് ഹയർ സെക്കൻ്ററി സ്‌കൂളിലെ ഭാരത് സ്കൗട്ട്‌സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾതല യൂണിറ്റ് ക്യാമ്പിൽ ആനുകാലിക പ്രാധാന്യമുള്ള രണ്ട് പുതിയ പ്രോജക്ടുകൾക്ക് തുടക്കമിടുകയാണ്. ലഹരി വിരുദ്ധ നവകേരളം പദ്ധതിയുടെ ഭാഗമായി ആന്റി ഡ്രഗ്‌സ് ആർമിയുടെ പ്രവർത്തന ഉദ്ഘാടനം നാളെ വൈകിട്ട് 5 മണിക്ക് തൊടുപുഴ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മൻസൂർ ഒ.എച്ച് നിർവഹിക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്‌കൂൾ മാനേജർ വെരി. റവ. ഫാദർ ജോസഫ് മുണ്ടുനടയിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ദിവ്യ അനീഷ്,സ്‌കൂൾ പ്രിൻസിപ്പൽ ലൂസി ജോർജ്, പി.ടി.എ പ്രസിഡന്റ് ജോബി ജോർജ് എന്നിവർ ആശംസകൾ അർപ്പിക്കും. ഗൈഡ് ക്യാപ്റ്റൻ ജൂലിൻ ജോസ് സ്വാഗതം ആശംസിക്കുന്ന യോഗത്തിന് സ്കൗട്ട് മാസ്റ്റർ ബിജു ജോസഫ് നന്ദി അറിയിക്കും.
ക്യാമ്പിന്റെ രണ്ടാം ദിനം ശനിയാഴ്‌ച രാവിലെ 9.30ന് വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളിൽ നടപ്പാക്കുന്ന സമ്പൂർണ്ണ നീന്തൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ജയസൂര്യ ഷാജി നിർവഹിക്കും. വണ്ടമറ്റം അക്വാറ്റി ക് സെന്ററിൽ നടത്തപ്പെടുന്ന ഉദ്ഘാടന ചടങ്ങിൽ സ്‌കൂൾ മാനേജർ വെരി റവ.ഫാദർ ജോസഫ് മുണ്ടുനടയിൽ അധ്യക്ഷത വഹിക്കും. യോഗത്തിൽ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ദിവ്യ അനിഷ്, സ്‌കൂൾ പ്രിൻസിപ്പൽ ലൂസി ജോർജ്, അന്തർദേശീയ നിന്തൽ താരവും പരിശീലകനുമായ ബേബി വർഗിസ്, സ്കൗട്ട് മാസ്റ്റർ ബിജു ജോസഫ്, ഗൈഡ് ക്യാപ്റ്റൻ ജൂലിൻ ജോസ് എന്നിവർ സംസാരിക്കും. സമ്പൂർണ്ണ നിന്തൽ പരിശീലന പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ ആദ്യത്തെ സ്കൗട്ട്‌സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് എന്ന ബഹുമതിയും ഇതോടെ കാളിയാർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കൈവരിക്കുകയാണ്. സ്കൗട്ട്‌സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാലുവർഷം മുമ്പ് തന്നെ 6 കെ.വിയുടെ സോളാർ പാനൽ സ്‌കൂളിൽ സ്ഥാപിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദ ഊർജ്ജ ഉൽപ്പാദക വിദ്യാലയമായി സംസ്ഥാന തലത്തിൽ തന്നെ സ്കൂൾ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി പ്രവർത്തന മികവിനുള്ള അംഗീകാരമെന്ന നിലയിൽ ചീഫ് മിനിസ്റ്റർ ഷീൽഡ് മൽസരത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു.
സ്‌കൂളിൽ നടക്കുന്ന ത്രിദിന ക്യാമ്പിന്റെ ഭാഗമായി റോഡ് സുരക്ഷ.ഫയർ ആൻഡ് സേഫ്റ്റി,വ്യക്തിത്വ വികസനം. പ്രഥമ ശുശ്രൂഷ, ജീവിത നൈപുണി വിദ്യാഭ്യാസം, യോഗ, ആരോഗ്യകരമായ ജീവിതശൈലി എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ വിദഗ്‌ധർ ക്ലാസുകൾ നയിക്കും. കൂടാതെ ക്യാമ്പിന്റെ ഭാഗമായി ട്രക്കിങ്ങും, ക്യാമ്പ് ഫയറും സംഘടിപ്പിച്ചിട്ടുണ്ട്.
തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഡിസ്ട്രിക്‌ട് ഓർഗനൈസിംഗ് കമ്മീഷണർ ഡെയ്‌സൺ മാത്യു, സ്‌കൂൾ പ്രിൻസിപ്പൽ ലൂസി ജോർജ്, സ്റ്റാഫ് പ്രതിനിധി ഫാദർ സിജിൻ ജോർജ് ഓവേലിൽ, സ്‌കൗട്ട് മാസ്റ്റർ ബിജു ജോസഫ്, ഗൈഡ് ക്യാപ്റ്റൻ ജൂലിൻ ജോസ് എന്നിവർ പങ്കെടുത്തു.