വാഷിങ്ടൺ: ഇന്ത്യയിൽനിന്ന് അമെരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100 ശതമാനം വരെ തീരുവ പ്രഖ്യാപിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഒക്‌ടോബർ ഒന്നു മുതലാണ് തീരുവ വർധന പ്രാബല്യത്തിൽ വരിക. സമൂഹമാധ്യമത്തിലൂടെയാണ് ട്രംപിൻറെ പ്രഖ്യാപനം. ട്രംപിൻറെ ഈ പ്രഖ്യാപനം ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് സാമ്പത്തികമായി തിരിച്ചടിയാകും.
എന്നാൽ, ജീവൻരക്ഷാ മരുന്നുകളും വാക്സിനുകളും അടക്കം യുഎസിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള മരുന്നുകൾ പലതും ഇന്ത്യയിൽ നിർമിക്കുന്നതാണ്. ഇവയ്ക്കെല്ലാം വില ഇരട്ടിയോളമാകുന്ന പ്രഖ്യാപനമാണ് ട്രംപിൻറെ തീരുവ വർധന. അതുകൊണ്ടുതന്നെ ഈ തീരുമാനം ദീർഘകാലാടിസ്ഥാനത്തിൽ യുഎസിനു തന്നെ തിരിച്ചടിയാകാൻ സാധ്യത ഏറെയാണ്. 2025 ഒക്റ്റോബർ ഒന്നു മുതൽ ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റൻറ് നേടിയ എല്ലാ മരുന്നുകൾക്കും യുഎസ് 100 ശതമാനം തീരുവ ചുമത്തുമെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ഏതെങ്കിലും കമ്പനി ഇതിനകം യുഎസിൽ പ്ലാൻറ് നിർമിച്ച് ഇവിടെ തന്നെ മരുന്ന് ഉത്പാദിപ്പിക്കാനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ഈ തീരുവ ബാധകമായിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കുന്നു. മരുന്നുകൾക്ക് തീരുവ പ്രഖ്യാപിച്ചതിന് പുറമേ കിച്ചൻ കാബിനറ്റുകൾ, ബാത്ത്‌റൂം വാനിറ്റികൾ എന്നിവയ്ക്ക് 50 ശതമാനവും അപ്‌ഹോൾസ്റ്ററി ഫർണിച്ചറുകൾക്ക് 30 ശതമാനവും ഹെവി ട്രക്കുകൾക്ക് 25 ശതമാനവും തീരുവ ചുമത്തിയിട്ടുണ്ട്.