തിരുവനന്തപുരം: വെള്ളറട ചെമ്മണുവിളയിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ നിന്നും വാങ്ങിയ അമൃതം പൊടിയിൽ നിന്നും ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. അമൃതം പൊടി കഴിച്ച രണ്ടു വയസുകാരിക്ക് ഛർദിയും വയറിളക്കവും ഉണ്ടാവുകയും ചികിത്സ നടത്തുകയും ചെയ്തു. എന്നാൽ ഇത് അമൃതം പൊടിയിൽ നിന്നും ഉണ്ടായ പ്രശ്നമാണെന്ന് മനസിലാക്കാതെ വീണ്ടും ഇത് നൽകുകയായിരുന്നു. ഒടുവിൽ പാക്കറ്റ് തീരാറായപ്പോഴാണ് പല്ലിയുടെ ജഡം കണ്ടെത്തിയത്. തുടർന്ന് കുടുംബം അങ്കണവാടി ടീച്ചറെ വിവരം അറിയിക്കുകയായിരുന്നു. ടീച്ചർ അമൃതം പൊടി സപ്ലൈ ചെയ്യുന്ന കമ്പനിയെ വിവരം അറിയിച്ചതായാണ് വിവരം. സംഭവത്തിൽ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നുണ്ട്.
