ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീർ സമീപകാലത്തെ ഏറ്റവും വലിയ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയാണ്. അവാമി ആക്ഷൻ കമ്മിറ്റി(എ.എ.സി) തിങ്കളാഴ്ച മേഖലയിലുടനീളം വ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചു. അനിശ്ചിതകാലത്തേക്ക് പണിമുടക്കിന് ആഹ്വാനം ചെയ്യുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തതോടെ പ്രദേശത്ത് സുരക്ഷാ സേന നിയന്ത്രണങ്ങൾ ശക്തമാക്കി.
അർധരാത്രി തന്നെ ഇൻറർനെറ്റ് വിച്ഛേദിക്കുകയും ചെയ്തു. സമീപ മാസങ്ങളിൽ പ്രചാരം നേടിയ ഒരു സിവിൽ സൊസൈറ്റി സഖ്യമായ അവാമി ആക്ഷൻ കമ്മിറ്റി (എഎസി) , പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാർശ്വവൽക്കരണവും സാമ്പത്തിക അവഗണനയും ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് ആളുകളെ അണിനിരത്തി പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു. പാക്കിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർഥികൾക്കായി നീക്കിവച്ചിരിക്കുന്ന പിഒകെ അസംബ്ലിയിലെ 12 നിയമസഭാ സീറ്റുകൾ നിർത്തലാക്കുന്നത് ഉൾപ്പെടെ, ഇത് പ്രാതിനിധ്യ ഭരണത്തെ ദുർബലപ്പെടുത്തുന്നുവെന്ന് പ്രതിഷേധക്കാർ വാദിക്കുന്നു.
സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ, മംഗള ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട ന്യായമായ വൈദ്യുതി താരിഫുകൾ, ഇസ്ലാമാബാദ് വാഗ്ദാനം ചെയ്ത ദീർഘകാലമായി വൈകിയ പരിഷ്കാരങ്ങൾ നടപ്പിലാക്കൽ എന്നിവയും പ്രതിഷേധക്കാർ ഉയർത്തിക്കാട്ടുന്നു. ഞങ്ങളുടെ പ്രതിഷേധം ഒരു സ്ഥാപനത്തിനെതിരേ അല്ല, 70 വർഷത്തിലേറെയായി നമ്മുടെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങൾക്കുവേണ്ടിയാണ്, മതി. അവകാശങ്ങൾ നൽകുക അല്ലെങ്കിൽ ജനങ്ങളുടെ രോഷം നേരിടുക – മുസാഫറാബാദിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് എഎസിയുടെ പ്രധാന നേതാവായ ഷൗക്കത്ത് നവാസ് മിർ പറഞ്ഞു.