ഇടുക്കി: മദ്യലഹരിയി.ലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ഓടിച്ച ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. തങ്കമണി ടൗണിൽ ഓട്ടോറിക്ഷ സ്റ്റാൻഡിൽ കിടന്ന ഓട്ടോറിക്ഷയിലേക്ക് അമിത വേഗതയിൽ എത്തിയ ടിപ്പർ ഇടിച്ചു കയറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. തങ്കമണി കുമ്പളന്താനം ദീപുവിൻ്റെ ഓട്ടോറിക്ഷയാണ് പൂർണ്ണമായും തകർന്നത്. ദീപു രാവിലെ സ്റ്റാൻഡിൽ എത്തി ഓട്ടോറിക്ഷ ഇട്ടശേഷം പുറത്തിറങ്ങിയ ഉടനെയാണ് അപകടം ഉണ്ടായത്.
തലനാരിഴയ് ക്കാണ് വൻ ദുരന്തം ഒഴിവായത്. തങ്കമണി സ്വദേശിയുടെ KL29F7364-ാം നമ്പർ ടിപ്പർ ലോറിയാണപകടം ഉണ്ടാക്കിയത്. മദ്യലഹരിയിലായിരുന്ന ഡ്രൈവർക്ക് ലൈസൻസും ഇല്ലായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഓട്ടോറിക്ഷ പണിത് നൽകുകയോ, മറ്റൊന്നും വാങ്ങി നൽകിയോ ചെയ്യാമെന്ന് ടിപ്പർ ഉടമ അറിയിച്ചെങ്കിലും ഓട്ടോറിക്ഷ ഉടമ ദീപു കേസുമായി മുൻപോട്ടു പോകുകയായിരുന്നു. ഐ.എൻ.റ്റി.യു.സി പ്രവർത്തകനായ ദീപുവിന് കോൺഗ്രസ് കമ്മിറ്റി മറ്റൊരു ഓട്ടോറിക്ഷ വാങ്ങി നൽകുമെന്ന് നേതാക്കൾ പറയുന്നു.
മേഖലയിൽ അനധികൃതമായി ടിപ്പർ സർവീസ് നടക്കുന്നതായി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.എം ഫ്രാൻസിസ് ആരോപിച്ചു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ടിപ്പറുകൾ അപകടമാരമായി സർവീസ് നടത്തുന്നതെന്നും സമീപകാലത്ത് മറ്റ് അപകടങ്ങളും റിപ്പോർട്ട് ചെയ്തതായും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോബിൻ ഐമനവും പറഞ്ഞു. അപകടകാരണമായ ടിപ്പർ ലോറി തങ്കമണി പോലീസ് പിടിച്ചെടുത്തു. ലൈസൻസ് ഇല്ലാതെയും മദ്യപിച്ചും അപകടം വരുത്തിയ ഡ്രൈവർക്കെതിരെ കേസെടുത്തതായി സ്റ്റേഷൻ ഹൗസ് ഓഫീസിൽ എം.പി എ ബി പറഞ്ഞു.