ഇടുക്കി: ഗാന്ധിജയന്ധിയോടനുബന്ധിച്ച് ആദിശ്രീ എന്ന ആറാം ക്ലാസ് വിദ്യാർഥിനി വൃത്തിയാക്കിയത് നൂറോളം ട്രാഫിക് ബോർഡുകൾ. കുമളി മൂന്നാർ സംസ്ഥാന പായതിൽ കൈലാസപ്പാറമുതൽ നെടുങ്കണ്ടം വരെറോഡിനിരുവശത്തുമുള്ള സിഗ്നൽ ബോർഡുകളാണ് തുടച്ച് വുത്തിയാക്കിയത്. കാട് പിടിച്ച് കിടന്നത് വെട്ടിതെളിച്ചും പൊടിപിടിച്ചു കിടന്നത് വെള്ളംമുക്കി തുടച്ചുമാണ് വൃത്തിയാക്കിയത്.

പിറന്നാൾ ദിനത്തിലും പരിസ്ഥിതി ദിനത്തിലും പാതയോരങ്ങളിലും സർക്കാർ സ്ഥാപനങ്ങളുടെ സമീപത്തും സ്വന്തം കൃഷിയിടത്തിലും മറ്റുമായി ഇതിനോടകം 1500 ലധികം തൈകൾ നട്ടിരുന്നു. വിഷരഹിത പച്ചക്കറികൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പിറന്നാൾ ദിനത്തിൽ സഹപാഠികൾക്കും അധ്യാപകർക്കും മിഠായിക്കുപകരം പയറിന്റെയും ചോളത്തിന്റെയും 15000 പച്ചക്കറി വിത്തുകൾ സമ്മാനിച്ചിരുന്നു. വേനൽ കനക്കുമ്പോൾ കിളികൾക്കും ജീവജാലങ്ങൾക്കുമായി വിവിധ സർക്കാർ ഓഫീസുകളുടെ കോമ്പൗണ്ടിലും പാതയോരങ്ങളിലും വെള്ളം നിറച്ച കലങ്ങൾ സ്ഥാപിക്കാറുണ്ട്.

സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാവരും പതാക ഉയർത്തലും മധുരപലഹാരവിതരണവും തകൃതിയായി നടത്തുമ്പോൾ ആദിശ്രീ പാതയോരത്ത് ചീഞ്ഞളിഞ്ഞു കിടക്കുന്ന മാലിന്യം ചാക്കിൽ ശേഖരിച്ച് പഞ്ചായത്തിന് കൈമാറുകയാണ് പതിവ്. സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഉജ്ജ്വല ബാല്യം പുരസ്‌ക്കാരം ആദിശ്രീക്ക് ലഭിച്ചിരുന്നു. നെടുങ്കണ്ടം വലിയവീട്ടിൽ പി.വി.അനിൽ കുമാർ ജിനു ദമ്പതികളുടെ മൂത്ത മകളാണ് ആദിശ്രീ. അനിശ്രീ, ആദികേഷ് എന്നിവർ സഹോദരങ്ങളാണ്.