VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ക്ഷേത്രത്തിൻ്റെ പേരിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി വ‍്യാപകമായി പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലൻസ്

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക സ്വർണപാളിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്ഷേത്രത്തിൻ്റെ പേരിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി വ‍്യാപകമായി പണപ്പിരിവ് നടത്തിയതായാണ് ദേവസ്വം വിജിലൻസിൻറെ കണ്ടെത്തൽ. സ്വർണം പൂശുന്നതിനും അന്നദാനത്തിനും വേണ്ടി പണപ്പിരിവ് നടത്തി. ബംഗളൂരു കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയെന്നും സൂചനയുണ്ട്. പോറ്റിയുടെ ഭൂമിയിടപാടുകൾ സംബന്ധിച്ച് പൊലീസിൻറെ രഹസ‍്യ അന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തലസ്ഥാനത്ത് മാത്രം കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ പോറ്റി നടത്തിയതായാണ് വിജിലൻസിൻറെ കണ്ടെത്തൽ.

അറ്റകുറ്റപണികൾക്കു വേണ്ടി ശബരിമലയിൽ നിന്നും കൊണ്ടുപോയതായി കരുതുന്ന സ്വർണപാളി ഉണ്ണികൃഷ്ണൻ പോറ്റി വീടുകളിൽ പൂജയ്ക്ക് പ്രദർശിപ്പിച്ചു. ഇതിൻറെ ദൃശ‍്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. നടൻ ജയറാം, ഗായകൻ വീരമണി എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ശബരിമലയിലേക്ക് കൊണ്ടുപോകുന്നതിനു മുൻപായി തൊഴുത് ആദ‍്യത്തെ കർപ്പൂരം കത്തിക്കാനുള്ള ഭാഗ‍്യം തനിക്കുണ്ടായെന്ന് ജയറാം പുറത്തു വന്ന വിഡിയോയിൽ പറയുന്നുണ്ട്.

സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ലെന്നും അയ്യപ്പൻറെ രൂപത്തിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയാണ് തനിക്ക് ഇങ്ങനെയൊരു അവസരമൊരുക്കിയതെന്നും ജയറാം വിഡിയോയിൽ പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റി തന്നെയാണ് ശബരിമലയിലെ സ്വർണപ്പാളി കാണാനില്ലെന്ന് പരാതി നൽ‌കിയത്. തൊട്ടു പിന്നാലെ വിജിലൻസ് അന്വേഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നും സ്വർണപ്പാളി കണ്ടെത്തുകയായിരുന്നു. സ്വർണപ്പാളി കൈയിൽ ഉണ്ടായിരുന്നിട്ടും കാണാനില്ലെന്ന് പോറ്റി പരാതി നൽകിയതിൻറെ കാരണം ഇപ്പോഴും പിടികിട്ടാത്ത ചോദ‍്യമായി അവശേഷിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *