ന്യൂഡൽഹി: താലിബാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖിയുടെ വാർത്താ സമ്മേളനത്തിൽ നിന്നും വനിതാ മധ്യമ പ്രവർത്തകരെ വിലക്കിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ മുത്തഖി അഫ്ഗാൻ എംബസിയിൽ ഉച്ചയ്ക്ക് ശേഷമാണ് വാർത്താ സമ്മേളനം വിളിച്ചിരുന്നത്.
ഇതിൽ വനിതാ മാധ്യമ പ്രവർത്തരുതെന്നായിരുന്നു നിർദേശം. എന്നാൽ ഇതിൽ ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. മുംബൈയിലെ അഫ്ഗാൻ കോൺസുലർ ജനറലാണ് വാർത്താ സമ്മേളനത്തിലേക്ക് മാധ്യമ പ്രവർത്തകരെ വിളിച്ചതെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാരിനെതിരേ സോഷ്യൽ മീഡിയയിൽ വ്യപക പ്രതിഷേധമാണ് നടക്കുന്നത്.
സ്ത്രീകളോട് ഇത്രയധികം അവഹേളനം കാണിക്കുന്ന താലിബാനെയാണ് കേന്ദ്ര സർക്കാർ സംരക്ഷണത്തോടെ സ്വീകരിച്ച് ആനയിക്കുന്നതെന്ന് വിമർശനം ഉയരുന്നു. അങ്ങേയറ്റം സ്ത്രീ വിരുദ്ധവും ഇന്ത്യൻ ജനാധിപത്യത്തിനെതിരായ നടപടിയുമാണിത്, പ്രതിഷേധ സൂചനകമായി പുരുഷ മാധ്യമ പ്രവർത്തകർ വാർത്താ സമ്മേളനം ബഹിഷ്ക്കരിക്കണമായിരുന്നു, സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള അഫിഗാസ്ഥാൻറെ പെരുമാറ്റം ഇന്ത്യയിൽ വേണ്ട എന്നിങ്ങനെ നീളുന്നു പ്രതിഷേധങ്ങൾ. 2021ൽ അട്ടിമറിയിലൂടെ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത താലിബാൻ പ്രതിനിധിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
യാത്രാ നിരോധനങ്ങളും സ്വത്ത് മരവിപ്പിക്കലും ഉൾപ്പെടെയുള്ള യുഎൻ ഉപരോധങ്ങൾക്ക് വിധേയമായതിനാൽ, യുഎൻ സുരക്ഷാ കൗൺസിൽ കമ്മിറ്റിയിൽ നിന്ന് താൽക്കാലിക യാത്രാ ഇളവ് നേടിയ ശേഷമാണ് താലിബാൻ നേതാവ് ഡൽഹിയിൽ എത്തിയത്.