തൊടുപുഴ: തൊടുപുഴ കെ.എസ്.ആർ.റ്റി.സി ഡിപ്പോയിൽ ഒരു ബസ്സിലും തൊമ്മൻകുത്ത് എന്ന ബോർഡില്ല. കാരണം അജ്ഞാതം. ജില്ലയിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളിലൊന്ന് എന്ന പരിഗണന ഇല്ല. താലൂക്കിലെ മറ്റെല്ലാ സ്ഥലങ്ങ’ളിലേയ്ക്കും ഒന്നിലധികം സർവ്വീസുകൾ ഉണ്ട്. പേരിനെങ്കിലും ഒരെണ്ണം ഈ വഴിയില്ല. തൊടുപുഴ എം.എൽ.എയ്ക്കും ഉത്തരമില്ല.
നാൽപ്പത്തഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസ് നടത്തിയിരുന്നു. ലാഭകരമായ സർവ്വീസ് ആയിരുന്നു. സ്വകാര്യ ബസ്സുകാർ ഇടപെട്ട് അത് നിർത്തിച്ചു. പിന്നീട് ഇതുവരെ കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയിട്ടില്ല. സ്വകാര്യ ബസ്സുകൾ മാത്രമാണ് പൊതുഗതാഗത സംവിധാനം. അതിനാൽ പുലർച്ചേയും രാത്രി വൈകിയും ഈ വഴി ബസ് സർവ്വീസ് ഇല്ല. ഞായറാഴ്ച ദൂരയാത്ര ചെയ്യേണ്ടവർ ഓട്ടോ വിളിച്ച് അഞ്ചു കിലോമീറ്റർ ദൂരത്തുള്ള വണ്ണപ്പുറത്ത് പോകേണ്ട സ്ഥിതിയാണ്.
ദൂരയാത്ര കഴിഞ്ഞ് തൊമ്മൻകുത്തിൽ എത്തണമെങ്കിൽ രാവിലെ എട്ട് മണി കഴിയണം തൊടുപുഴ നിന്ന് കട്ടപ്പനയ്ക്കും ചെറുതോണിക്കും വണ്ണപ്പുറം വഴി നിരവധി സർവ്വീസുകൾ ഉണ്ട്. ഇതിൽ ഏതെങ്കിലും തൊമ്മൻകുത്ത് വഴി വണ്ണപ്പുറം മുണ്ടൻ മുടി റൂട്ടിൽ സർവ്വീസ് നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നു. പുലർച്ചേയും രാത്രി വൈകിയുമുള്ള ഒരു ദീർഘദൂര സർവ്വീസാണ് നാട്ടുകാർ കാത്തിരിക്കുന്നത്. തൊടുപുഴ എം.എൽ.എ ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്ന് അവർ ആവശ്യപ്പെടുന്നു.