കോൽക്കത്ത: ദുർഗാപൂർ കൂട്ടബലാത്സംഗ കേസിൽ പുതിയ വഴിത്തിരിവ്. കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒരാൾ മാത്രമാണ് ബലാത്സംഗം ചെയ്തതെന്നും അത് പെൺകുട്ടിയുടെ സുഹൃത്തായ എംബിബിഎസ് വിദ്യാർഥിയാണെന്നുമാണ് പൊലീസ് കണ്ടെത്തൽ. തുടർന്ന് കൂട്ടബലാത്സംഗം ഒഴിവാക്കാനാണ് പൊലീസ് നീക്കം. ചൊവ്വാഴ്ച വൈകിട്ട് യുവതിയുടെ സഹപാഠി ആയ വസീഫ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിന് പുറമേ 5 പേർ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ആദ്യം മുതൽ തന്നെ സുഹൃത്തിൻറെ പേര് കേസുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുണ്ട്. സുഹൃത്തുമായി രാത്രി പുറത്തു പോയപ്പോൾ ഇയാൾ യുവതിയെ ബലാത്സംഗത്തിനിരയാക്കിയത് എന്ന തരത്തിലുള്ള വാർത്തകളും പുറത്തു വന്നിരുന്നു. അതിജീവിതയായ പെൺകുട്ടിയുടെയും അവരുടെ സുഹൃത്തിൻറെയും മൊഴികൾ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. മെഡിക്കൽ രേഖകളിലും അറസ്റ്റിലായ പ്രതികളുടെ മൊഴികളും സിസിടിവി ദൃശ്യങ്ങളുമടക്കം വ്യത്യസ്ഥമാണെന്നതും സംഘത്തെ കുഴപ്പിക്കുന്നുണ്ട്.
അതിജീവിത ഡോക്റ്റർക്ക് നൽകിയ മൊഴിയിൽ മൂന്നു പേരുണ്ടായിരുന്നെന്നും അവരിലൊരാൽ തന്നെ പീഡിപ്പിച്ചതായുമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് നൽകിയ മൊഴിയിൽ 5 പേർ തന്നെ കാട്ടിലേക്ക് പിടിച്ചുകൊണ്ടുപോയെന്നും കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നും അതിജീവിത മൊഴി മാറ്റി. സ്ഥിരതയില്ലാത്ത ഈ മൊഴികൾ അന്വേഷണത്തെ ബാധിച്ചിരുന്നു.