തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്റ്ററുടെ മൊഴിയെടുത്തു. കൻറോൺമെൻറ് പൊലീസാണ് ഡോക്റ്റർ രാജീവിൻറെ മൊഴിയെടുത്തത്. തനിക്ക് ശ്രദ്ധക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് ഡോക്റ്റർ മൊഴി നൽകിയിരിക്കുന്നത്. അനസ്തേഷ്യ വിഭാഗത്തിൻറെ ഉത്തരവാദിത്തമാണെന്നും ഡോക്റ്ററുടെ മൊഴിയിൽ പറയുന്നു.
വിഷയത്തിൽ ആരുടെ ഭാഗത്താണ് വീഴ്ചയുണ്ടായതെന്ന് കണ്ടെത്താനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപികരിക്കാനാണ് പൊലീസിൻറെ തീരുമാനം. തിരുവനന്തപുരം കട്ടാക്കട സ്വദേശി സുമയയാണ് 2023 മാർച്ച് 22 ന് തൈറേയ്ഡ് സംബന്ധമായ ശസ്ത്രക്രിയക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോ. രാജിവ് കുമാർ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം ഞരമ്പ് കിട്ടാതെ വന്നതോടെ രക്തവും മരുന്നും നൽക്കുന്നതിനായി സെൻട്രൽ ലൈനിടുകയായിരുന്നു.
ഇതിൻറെ ഗൈഡ് വയറാണ് യുവതിയുടെ നെഞ്ചിൽ കുടുങ്ങിയത്. തുടർന്ന് നെഞ്ചിൽ കുടുങ്ങിയ വയർ എടുക്കാതെയിരുന്നതോടെ യുവതിക്ക് ശാരീരിക ബുദ്ധിമുട്ട് നേരിടേണ്ടി വരുകയായിരുന്നു. തുടർന്നാണ് ശ്രീചിത്ര ആശുപത്രിയിൽ യുവതി ചികിത്സ തേടിയത്. ഇവിടെ നടത്തിയ എക്സ്റേയിലൂടെയാണ് വയർ നെഞ്ചിൽ കുടുങ്ങിയ വിവരം അറിയുന്നത്.