ചണ്ഡിഗഡ്: ആക്രി ഇടപാടുകാരനിൽ നിന്ന് 8 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചാബിലെ ഐപിഎസ് ഓഫിസർ ഹർചരൺ സിങ് ഭുല്ലാർ അറസ്റ്റിൽ. സിബിഐ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആഡംബര വാച്ചുകൾ ഉൾപ്പെടെ കണക്കിൽ പെടാത്ത നിരവധി വസ്തുക്കളും കോടിക്കണക്കിന് പണവും പിടിച്ചെടുത്തിട്ടുണ്ട്. 5 കോടി രൂപ, 22 ആഡംബര വാച്ച്,മേഴ്സിഡസ്, ഓഡി കാറുകൾ, 40 ലിറഅറർ വിദേശ മദ്യം, ഡബിൾ ബാരൽ ഗൺ , പിസ്റ്റൾ, റിവോൾവർ, എയർ ഗൺ, വെടിയുണ്ടകൾ, 1.5 കിലോ ഗ്രാം വരുന്ന സ്വർണാഭരണം എന്നിവയാണ് പിടിച്ചെടുത്തിരിക്കുന്നത്. പഞ്ചാബിലെ റോപാർ റേഞ്ചിലെ ഡിഐജി ആണ് ഭുല്ലാർ. ഐപിഎസ് ഓഫിസർ തന്നോട് പണം ആവശ്യപ്പെട്ടെന്നും വ്യാജക്കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും കാണിച്ച് ആക്രി ഇടപാടുകാരനായ ആകാശ് ഭട്ട നൽകിയ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ആദ്യഗഡുവായി 8 ലക്ഷം രൂപയും പിന്നീട് മാസാമാസം ബാക്കി പണവും നൽകണമെന്നായിരുന്നു ഭുല്ലാറിൻറെ ആവശ്യം.
