കൊച്ചി: ഇടപ്പളളി – മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ വിലക്ക് നീക്കി ഹൈക്കോടതി. പഴയ നിരക്കിൽ തന്നെയാകും ടോൾ ഈടാക്കുക. പുതുക്കിയ ടോൾ ഈടാക്കരുതെന്ന് ഹൈക്കോടതിയുടെ നിർദേശമുണ്ട്. 71 ദിവസത്തിനു ശേഷമാണ് വിലക്ക് കോടതി നീക്കിയത്. ഓഗസ്റ്റ് ആറിനാണ് ടോൾ പിരിവിന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരുന്നത്. ടോൾ പിരിവ് വിലക്കിയ ഇടക്കാല ഉത്തരവ് നീക്കുന്നത് സംബന്ധിച്ച് ഹർജി വെളളിയാഴ്ച പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഉത്തരവ്. പത്ത് ദിവസത്തിന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കോടതി വീണ്ടും പരിഗണിക്കും. പാലിയേക്കരയിലെ എല്ലാ പ്രശ്നങ്ങളും വേഗത്തിൽ തീർപ്പാക്കാമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചും. സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും കോടതി കേന്ദ്രത്തോട് നിർദേശം നൽകി.
