ഇടുക്കി: കല്ലാർ മാങ്കുളം റോഡിൽ വിനോദ സഞ്ചാരികളുമായി എത്തിയ മിനി ബസ് പാതയോരത്തേക്ക് മറിഞ്ഞു. നിരവധി വിനോദ സഞ്ചാരികൾക്ക് പരിക്ക്. പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസമായിരുന്നു അപകടം നടന്നത്. തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാര സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.കല്ലാർ മാങ്കുളം റോഡിൽ വിരിപാറക്കും കൈനഗിരിക്കും ഇടയിലാണ് അപകടം സംഭവിച്ചത്. ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തേക്ക് തന്നെ മറിയുകയായിരുന്നു.
അപകടം ഉണ്ടായ ഉടൻ പ്രദേശവാസികളുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തി.വാഹനത്തിൽ ഉണ്ടായിരുന്ന നിരവധിയാളുകൾക്ക് പരിക്ക് സംഭവിച്ചു. ഇവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് രണ്ട് വാഹനത്തിനിടയിൽ കുടുങ്ങിയിരുന്നു. വാഹനം ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണ് ഇവരെ പുറത്തെടുത്തത്.
കൈനഗിരി മുതൽ റോഡിൽ കൊടും വളവുകളും കുത്തിറക്കവുമാണ്.ഈ ഇറക്കം അവസാനിക്കുന്ന ഭാഗത്താണ് അപകടം സംഭവിച്ചത്.വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനാംഗങ്ങളുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ വാഹനങ്ങളിൽ ആശുപത്രിയിലേക്ക് മാറ്റിയത്.