ഇടുക്കി: അടുത്ത നാളുകളിൽ കടുവയുടെ ആക്രമണവും സാന്നിധ്യവും കണ്ടെത്തിയതിനെ തുടർന്നാണ് വനം വകുപ്പ് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചത്. മൂന്നാർ ഗുണ്ടുമല, മാട്ടുപ്പെട്ടി റോഡിലെ ഹൈറേഞ്ച് സ്കൂളിന് സമീപത്തുമായിട്ടാണ് നാല് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചത്. പ്രദേശശത്ത് കടുവയെ നാട്ടുകാർ കാണുകയും ഒപ്പം മൂന്ന് പശുക്കളെ കടുവ കൊന്ന് ഭക്ഷിക്കുകയും ഒരു പശുവിനെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ പരാതി ഉന്നയിച്ചതോടെയാണ് വനം വകുപ്പ് നടപടികൾ സ്വീകരിച്ചത്. ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തിയതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മൂന്നാർ റെയിഞ്ചോഫീസർ എസ് ബിജു പറഞ്ഞു.
ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കുന്നതിനൊപ്പം തന്നെ വനം വകുപ്പ് മേഖലയിൽ നിരീക്ഷണവും ശക്തതമാക്കിയിട്ടുണ്ടെന്നും വനം വകുപ്പ് വ്യക്തമാക്കി. അതേ സമയം നിരന്തരമായി വളർത്ത് മൃഗങ്ങൾക്ക് നേരെ കടുവയുടെ ആക്രമണമുണ്ടാവുകയും പശുക്കളെ നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിഷേധത്തിനും തയ്യാറെടുക്കുകയാണ് തോട്ടം തൊഴിലാളികൾ.