തൊടുപുഴ: തൊടുപുഴ നഗരസഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ലക്ഷ്മി വി. എസ്. നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. പെരുമ്പിള്ളിച്ചിറ അൽ-അസർ ട്രൈനിംഗ് കേളേജിലെ ബി.എഡ്. ഒന്നാം വർഷ വിദ്യാർത്ഥിനിയായ ഇരുപത്തിരണ്ട് വയസ്സുകാരി ലക്ഷ്മിയാണ് തൊടുപുഴ നഗരസഭയിലെ മൂന്നാം വാർഡിൽ നിന്നും ബി.ജെ.പിയ്ക്കു വേണ്ടി എൻ ഡി എ. സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. മൂന്നു മുന്നണികൾക്കും തുല്യ ശക്തിയുള്ള വാർഡാണിത്. 2015 ലെ തെരെഞ്ഞെടുപ്പിൽ ചെറിയ ശതമാനം വോട്ടുകൾക്ക് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട വാർഡ് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കുറി യുവ സ്ഥാനാർത്ഥിയുമായി ബി.ജെ.പി രംഗത്ത് എത്തിയിട്ടുള്ളത്.
വിമലമാതാ ഹൈസ്കൂൾ കദളിക്കാട്, എൻ.എസ്. എസ്. ഹയർസെക്കന്ററി സ്കൂൾ മണക്കാട്, എന്നിവിടങ്ങളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ലക്ഷ്മി മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിന്നും ബി. എ. യും എം. എ.യും പാസ്സായ ശേഷമാണ് . ബി.എഡ്. കോഴ്സിന് ചേർന്നിട്ടുള്ളത്. അതിനിടയിൽ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ പി. ജി. ഡി.റ്റി. കോഴ്സും പാസ്സായി. അദ്ധ്യാപിക ആകണമെന്നതാണ് തന്റെ സ്വപ്നം എങ്കിലും സാമൂഹിക സേവനം ചെയ്യുക എന്നത് തന്റെ ഉത്തരവാദിത്വമായി ലക്ഷ്മി കരുത്തുന്നു. മദ്ധ്യ വർഗ്ഗത്തിലും താഴ്ന്ന ജീവിത ചുറ്റുപാടുകളിലൂടെ കടന്നു പോകുന്നതുമൂലം സാധാരണക്കാരന്റെ വിഷമതകളും ആവശ്യങ്ങളും തൊട്ടറിയാൻ കഴിഞ്ഞതും ഇത്തരം ഒരു മത്സരത്തിനിറങ്ങാൻ തന്നെ പ്രേരിപ്പിച്ചിട്ടുള്ളതായി ലക്ഷ്മി പറയുന്നു. ദിവസക്കൂലിക്ക് കൽപ്പണി തൊഴിലാക്കിയ അച്ചന്റേയും കുടുംബശ്രീ പ്രവർത്തകയായ അമ്മയുടേയും പിന്തുണയും ലക്ഷ്മിയുടെ സ്ഥാനാർത്ഥിത്വത്തിനുണ്ട്.
മത്സരത്തിനിടയിലും ഒരു കാര്യം മാത്രമെ ലക്ഷ്മിയെ അലട്ടുന്നുള്ളു. പ്രചരണ പ്രവർത്തനങ്ങൾ ശക്തമാകുമ്പോൾ നാളെ(ഈ മാസം 21) മുതൽ തന്നെയാണ് ബി.എഡ് സെമസ്റ്റർ പരീക്ഷയും നടക്കുന്നത്. തെരെഞ്ഞെടുപ്പ് പ്രവർത്തിനൊപ്പം തന്നെ പരീക്ഷയും നേരിടാമെന്ന് നിശ്ചയദാർഢ്യത്തിലാണ് ലക്ഷ്മി. മദ്ധ്യ വർഗ്ഗത്തിലും താഴ്ന്ന ജീവിത നിലവാരത്തിലുള്ള സാധാരണക്കാർ ഏറെയുള്ള ഈ വാർഡിൽ എളുപ്പത്തിൽ സ്വാധീനം ഉറപ്പിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വസത്തിലാണ് ലക്ഷ്മി.
