കൊച്ചി: പൊലീസുകാരനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ എസ്ഐക്കെതിരെ അന്വേഷണം. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐയ്ക്കെതിരെ സിപിഒ ആണ് പരാതി നൽകിയത്. കൊച്ചിയിലെ സ്പായിൽ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഭീഷണി. മോഷണ വിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിൽ സ്പാ നടത്തുന്ന യുവതിയെയടക്കം മൂന്നുപേരെ പ്രതി ചേർത്തു. നവംബർ എട്ടിന് സിപിഒ സ്പായിലെത്തിയിരുന്നു. ഇതിന് പിന്നാലെ സ്പാ നടത്തുന്ന രമ്യ പൊലീസുകാരനെ വിളിച്ച് മാല നഷ്ടമായെന്ന് പറഞ്ഞു. മാല മോഷ്ടിച്ചത് പൊലീസുകാരനാണെന്നും ആരോപിച്ചു. വൈകാതെ പാലാരിവട്ടം എസ്ഐ, സിപിഒയെ വിളിക്കുകയും മാല മോഷ്ടിച്ചതും സ്പായിലെത്തിയതും ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കേസിൽ എസ്ഐക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
