VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ കർശന നടപടി: ജില്ലാ കളക്ടർ; ബാലവകാശ കമ്മീഷൻ അവലോകനയോഗം ചേർന്നു

ഇടുക്കി: കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും, ഇത്തരം വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ പോലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാകളക്ടർ ഡോ.ദിനേശൻ ചെറുവാട്ട്. സംസ്ഥാന ബാലവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ലയിൽ വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികൾ, അവയുടെ പുരോഗതി, പദ്ധതികൾ നടപ്പാക്കുന്നതിൽ നേരിടുന്ന പ്രശ്‌നങ്ങൾ എന്നിവ വിലയിരുത്തുന്നതിനായാണ് അവലോകന യോഗം ചേർന്നത്.

ജില്ലയിൽ കുട്ടികൾക്ക് മാത്രമായി ഡീ-അഡിക്ഷൻ സെന്റർ, സൈക്യാട്രിസ്റ്റിന്റെ സേവനം, വിദ്യാലയങ്ങളിലെ കുട്ടികളുടെ ഹാജരില്ലായ്മ, ഉന്നതികളിലേയ്ക്ക് സ്‌കൂൾ വാഹനങ്ങളുടെ കുറവ്, സ്‌കൂളുകളിൽ കൗൺസിലറുടെ സേവനം തുടങ്ങിയ വിവിധ ആവശ്യങ്ങൾ വിവിധ വകുപ്പ് മേധാവികൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തി. സ്‌കൂളുകളിൽ കുട്ടികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ പറഞ്ഞു. കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം പാടെ ഒഴിവാക്കുകയല്ല മറിച്ച് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുവാൻ കുട്ടികളെ രക്ഷിതാക്കളും അധ്യാപകരും പഠിപ്പിക്കണമെന്നും അംഗങ്ങൾ വ്യക്തമാക്കി. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി താഴേത്തട്ടിൽ പ്രവർത്തിക്കാൻ കുടുംബശ്രീയ്ക്കും പഞ്ചായത്ത് അടക്കമുള്ള വകുപ്പുകൾക്ക് സാധിക്കുമെന്നും ബാലാവകാശ കമ്മീഷൻ വിലയിരുത്തി.

സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളായ അഡ്വ. പി. ഷജേഷ് ഭാസ്‌കർ, കെ.കെ ഷാജു, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, ജില്ലാ ശിശുക്ഷേമ ഓഫീസർ നിഷ വി.ഐ എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *