നെടുങ്കണ്ടം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ യൂത്ത് കോൺഗ്രസ്സ് മികച്ച നേട്ടമാണ് കൊയ്തത്. അങ്കത്തിനിറങ്ങിയ യൂത്ത് കോൺഗ്രസിലെ പ്രമുഖരെല്ലാം വിജയിച്ചു കയറി. മിക്ക മേഖലകളിലും ഇടതിന്റെ സിറ്റിംഗ് സീറ്റുകൾ ആണ് യുവ രക്തത്തിലൂടെ വലത് ചേരിയിൽ എത്തിയത്. യു.ഡി.എഫ് ഇത്തവണ തദ്ദേശ പോരിന് ഒരുങ്ങിയപ്പോൾ യൂത്ത് കോൺഗ്രസിന് മുൻപെങ്ങും ലഭിയ്ക്കാത്ത പരിഗണന ആണ് നൽകിയതെന്നാണ് യുവജന പ്രസ്ഥാനത്തിന്റെ വിലയിരുത്തൽ.
യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്കപറമ്പിൽ, വൈസ് പ്രസിഡന്റ് ടോണി തോമസ്, സംസ്ഥാന സെക്രട്ടറി ജോമോൻ പുഷ്പകണ്ടം, മാത്യു കെ ജോൺ, ജോബിൻ മാത്യു അയ്മനം തുടങ്ങിയ യൂത്ത് കോൺഗ്രസ്സ് നേതാക്കൾ എല്ലാം വിജയം കൊയ്തെടുത്തു. യു ഡി എഫ് ഇത്തവണ തദ്ദേശ പോരിന് ഒരുങ്ങിയപ്പോൾ യൂത്ത് കോൺഗ്രസിന് മുൻപെങ്ങും ലഭിയ്ക്കാത്ത പരിഗണന ആണ് നൽകിയതെന്നാണ് യുവ ജന പ്രസ്ഥാനത്തിന്റെ വിലയിരുത്തൽ.
ഇടത് കോട്ട പിടിച്ചെടുത്താണ്, യൂത്ത് കോൺഗ്രസ്സ് നേതാക്കൾ തെരഞ്ഞെടുപ്പിൽ താരങ്ങളായി മാറിയത്. ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്കപറമ്പിൽ ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷനിൽ നിന്നും വൈസ് പ്രസിഡന്റ് ടോണി തോമസ് ഉപ്പുതറ ഡിവിഷനിൽ നിന്നുമാണ് വിജയിച്ചത്. ഇരു ഡിവിഷനുകളും ഇടത് സിറ്റിംഗ് സീറ്റുകൾ ആയിരുന്നു. നെടുംകണ്ടം പഞ്ചായത്തിലെ പുഷ്പകണ്ടം വാർഡിൽ നിന്നും വിജയിച്ച ജോമോൻ പുഷ്പകണ്ടത്തിലൂടെ, ഈ വാർഡ് ആദ്യമായി കോൺഗ്രസ്സ് പക്ഷത്ത് എത്തി. നെടുംകണ്ടം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക് ജോമോനും കാമക്ഷി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക് ജോബിൻ മാത്യുവും പരിഗണയിൽ ഉണ്ട്.
