
തൊടുപുഴ: രാജ്യത്തിന്റെ 2026ലെ റിപ്പബ്ലിക് ദിന പരേഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ ന്യൂമാൻ എൻസിസി ബാൻഡ് ടീമിന് തൊടുപുഴയിൽ വമ്പിച്ച യാത്രയയപ്പ് നൽകി. കേരളത്തിൽ നിന്നു ആദ്യമായിട്ടാണ് ഒരു ബോയ്സ് എൻസിസി ബാൻഡ് ടീം റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്നത്. ആകെ 45 കേഡറ്റുകളാണ് ഈ ചരിത്ര ദൗത്യത്തിനായി യാത്ര തിരിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം വനിതാ വിഭാഗം ബാൻഡ് തിരഞ്ഞെടുക്കപ്പെട്ട ഡൽഹിയിൽ എത്തിയിരുന്നു.

18 കേരള എൻസിസി ബറ്റാലിയന്റെ കീഴിൽ പ്രവർത്തിക്കുന്ന ന്യൂമാൻ കോളേജ് തൊടുപുഴ, നിർമല കോളേജ് മൂവാറ്റുപുഴ, സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി, എം.എ. കോളേജ് കോതമംഗലം എന്നീ നാല് കോളേജുകളിൽ നിന്നുള്ള കേഡറ്റുകളാണ് ബാൻഡ് ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. ആകെ 45 കേഡറ്റുകളാണ് ഈ ചരിത്ര ദൗത്യത്തിനായി യാത്ര തിരിച്ചിരിക്കുന്നത്.

രാജ്യത്ത് ആകെ അഗമാനം 5 എൻ സി സി ബാൻഡ് ടീമുകളാണ് ദേശീയതലത്തിലുള്ള കർശന മാനദണ്ഡങ്ങൾ വിജയിച്ച് തിരഞ്ഞെടുക്കപ്പെട്ടത്. സമൂഹത്തിന് ആകമാനം വിശിഷ്യാ കേരളത്തിനും എൻസിസിക്കും അഭിമാനമായ ഈ നേട്ടം യുവതലമുറക്ക് പ്രചോദനമാകുമെന്നു യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത കോതമംഗലം രൂപത മാനേജർ മോൺസിഞ്ഞോർ ഡോ.പയസ് മലേക്കണ്ടത്തിൽ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ 18 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ ആർ എസ് കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റീവ്ഓഫീസർ ലഫ്. കേണൽ അനിരുദ്ധ് സിംഗ് ,കോളേജ് പ്രിൻസിപ്പൽ ഡോ.ജെന്നി കെ അലക്സ് , ന്യൂമാൻ കോളേജ് അസോസിയേറ്റ് എൻസിസി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി മാത്യു , കോളേജ് ബർസാർ ഫാ.അബ്രഹാം നിരവതിനാൽ,സുബൈദാർ മേജർ സുഖ്ജിത് സിംഗ് എന്നിവർ പ്രസംഗിച്ചു.
ഡൽഹിയിൽ റിപ്പബ്ലിക് ദിന റാലിയിൽ പങ്കെടുക്കുന്ന ബാൻഡ് ടീമിനെ നയിക്കുന്നത് ന്യൂമാൻ കോളേജ് ഹിസ്റ്ററി വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥിയായ അണ്ടർ ഓഫീസർ അശ്വിൻ സുഭാഷ് ആണ്. സീനിയർ അണ്ടർ ഓഫീസർ അഭിജിത്ത് ബിജു, അണ്ടർ ഓഫീസർമാരായ കിരൺ ജേക്കബ് ജോയ്സ്, നിരഞ്ജന രാജൻ, ദേവികൃഷ്ണ എന്നിവർ നേതൃത്വം നൽകി.
