കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‘ആട് 3’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. തിരുച്ചെന്തൂരിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. താരത്തിൻറെ പേശികൾക്കാണ് പരിക്കേറ്റത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ വിനായകന് ഡോക്ടർമാർ ആറാഴ്ച്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ജീപ്പ് ഉൾപ്പെടുന്ന സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിന് പിന്നാലെ ശനിയാഴ്ച്ച സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പിന്നീട് എംആർഐ സ്‌കാനിങ് ചെയ്തപ്പോളാണ് പേശികൾക്കും ഞരമ്പിനും സാരമായ പരിക്കേറ്റതായി കണ്ടെത്തിയത്.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്ന ചിത്രമാണ് ആട് 3. ഫ്രൈ ഡേ ഫിലിം ഹൗസ്, കാവ്യ ഫിലിം ഹൗസ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രധാന താരങ്ങളായ ധർമജൻ ബോൾഗാട്ടി, സൈജു കുറുപ്പ് എന്നിവരും ആട് 3യുടെ ഭാഗമായിരിക്കും. അടുത്ത വർഷം മാർച്ചിൽ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
