കൊച്ചി: കേരളത്തിലെ തുടർ ഭരണത്തെക്കുറിച്ചുള്ള വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദൻ. ഇടതുപക്ഷത്തു നിന്നാണ് ഇടതുപക്ഷത്തിന്റെ വീഴ്ചകളെ വിമർശിക്കുന്നതെന്നും കോൺഗ്രസ് ഉൾപ്പെടെ ഏതു പാർട്ടി ഭരിച്ചാലും സ്വയം വിമർശനം ഇല്ലെങ്കിൽ അപ്രമാദിത്വം തോന്നാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അൽപ്പം സമയമേയുള്ളൂ, ജൽപ്പനങ്ങൾക്ക് പ്രതികരിച്ച് അത് കളയാനുമില്ല. ഒരു പൊതുതത്വത്തെപ്പോലും ഇവിടത്തെ പാർട്ടിയുദ്ധങ്ങളിലേക്കു ചുരുക്കി ദുർവ്യാഖ്യാനം ചെയ്യുന്ന അൽപ്പ ബുദ്ധികൾ ഞാൻ നിരന്തരം വലതുപക്ഷത്തെ വിമർശിച്ചു പോസ്റ്റുഇടുന്നത് കാണുന്നുപോലുമില്ല. ഏതായാലും കുറെ പേർക്ക് ഉപജീവനം ആകാൻ കഴിഞ്ഞതിൽ സന്തോഷം’ സച്ചിദാനന്ദൻ കുറിപ്പിൽ പറയുന്നു.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ നിന്നും;
ഇടതുപക്ഷത്തു നിന്നാണ് ഇടതുപക്ഷത്തിന്റെ വീഴ്ചകളെ വിമർശിക്കുന്നതെന്നും കോൺഗ്രസ്സ് ഉൾപ്പെടെ ഏതു പാർട്ടി ഭരിച്ചാലും സ്വയം വിമർശനം ഇല്ലെങ്കിൽ അപ്രമാദിത്വം തോന്നാമെന്നും ഞാൻ എത്രയോ കുറി പറഞ്ഞതിനെ എന്തെല്ലാ മായാണ് ഇവിടെയും പൊതുമാധ്യമങ്ങളിലും വ്യാഖ്യാനിക്കുന്നത് എന്ന് തമാശയോടെ കാണുന്നു. പ്രതികരണങ്ങൾ കാണുമ്പോൾ ചില സുഹൃത്തുക്കൾക്ക് വേദനിച്ചു എന്നുകണ്ട് പോസ്റ്റിൽ ഒരുവാക്കു തിരുത്തിയാൽ പോലും വാർത്തയാണ്. ഇതിനെയും നമ്മുടെ സമൂഹം എഴുത്തുകാർക്ക് നൽകുന്ന പ്രാധാന്യമായി വ്യാഖ്യാനിച്ച് അഭിമാനം കൊള്ളാം. ഒരു പൊതുതത്വത്തെപ്പോലും ഇവിടത്തെ പാർട്ടിയുദ്ധങ്ങളിലേക്കു ചുരുക്കി ദുർവ്യാഖ്യാനം ചെയ്യുന്ന അൽപ്പ ബുദ്ധികൾ ഞാൻ നിരന്തരം വലതുപക്ഷത്തെ വിമർശിച്ചു പോസ്റ്റുഇടുന്നത് കാണുന്നുപോലുമില്ല. ഏതായാലും കുറെ പേർക്ക് ഉപജീവനം ആകാൻ കഴിഞ്ഞതിൽ സന്തോഷം
ഇനി ഈ വിഷയത്തിൽ പ്രതികരണം ഇല്ല. ക്ഷമിക്കുക, അൽപ്പം സമയമേയുള്ളൂ. ജൽപ്പനങ്ങൾക്ക് പ്രതികരിച്ച് അത് കളയാനുമില്ല. ഇതും ഉദ്ധരിക്കാം. നാളെയ്ക്കുള്ള വഴി ആയല്ലോ.
